‘ഭരണഘടനാ അടിസ്ഥാന ഘടന സിദ്ധാന്തം’;കേശവാനന്ദ ഭാരതി വിധി മലയാളം ഉൾപ്പെടെ 10 ഭാഷകളിൽ
text_fieldsന്യൂഡൽഹി: ഭരണഘടനാ ഭേദഗതിയിൽ പാർലമെന്റിന്റെ അമിതാധികാരത്തെ നിയന്ത്രിക്കുന്ന ‘അടിസ്ഥാന ഘടന സിദ്ധാന്തം’ അവതരിപ്പിച്ച് ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ സുവർണലിപികളിൽ ചേർക്കപ്പെട്ട സുപ്രീംകോടതിയുടെ കേശവാനന്ദ ഭാരതി വിധി മലയാളം ഉൾപ്പെടെ 10 ഇന്ത്യൻ ഭാഷകളിലും. വിധിയുടെ 50ാം വാർഷികം അനുസ്മരിക്കുന്ന ഈ വേളയിൽ സുപ്രീംകോടതി വെബ്സൈറ്റിൽ ഇത് ലഭ്യമാവുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു.
ജനാധിപത്യം, ജുഡീഷ്യൽ സ്വാതന്ത്ര്യം, അധികാര വിഭജനം, മതേതരത്വം എന്നിവ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്നും അതിനാൽ അവ പാർലമെന്റിന് ഭേദഗതി ചെയ്യാൻ കഴിയില്ലെന്നുമുള്ള അടിസ്ഥാന ഘടനയെക്കുറിച്ചുള്ള ആശയം മുന്നോട്ടുവെക്കുന്നതാണ് 1973ലെ വിധി. ഇതിന്റെ അടിസ്ഥാനത്തിൽ, അടിസ്ഥാന ഘടനയെ ലംഘിക്കുന്ന ഏത് ഭേദഗതിയും സുപ്രീംകോടതിക്ക് പുനരവലോകനം ചെയ്യാം.
‘കേശവാനന്ദ ഭാരതി കേസിന്റെ 50ാം വാർഷികമാണിത്. സമൂഹത്തിന്റെ നാനാതുറകളിലേക്കും എത്താനായി വിധി വിവരിക്കുന്ന ഒരു വെബ്സൈറ്റ് തന്നെ ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. കോടതിവ്യവഹാരങ്ങൾ മനസ്സിലാക്കുന്നതിൽ ഭാഷ തടസ്സമാകുന്ന സാഹചര്യമുള്ളതിനാലാണിത്’ -അസമിലെ അനധികൃത കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട പൗരത്വ നിയമത്തിലെ ആറ് എ വകുപ്പിന്റെ ഭരണഘടന സാധുത സംബന്ധിച്ച ഹരജിയിൽ വാദം തുടങ്ങുന്നതിന് മുന്നോടിയായി ചീഫ് ജസ്റ്റിസ് പറഞ്ഞു.
നിലവിൽ ഹിന്ദി, തെലുഗു, തമിഴ്, ഒഡിയ, മലയാളം, ഗുജറാത്തി, കന്നഡ, ബംഗാളി, അസമീസ്, മറാത്തി ഭാഷകളിൽ ഈ വിധി ലഭ്യമാണെന്നും ചന്ദ്രചൂഢ് പറഞ്ഞു. സമാനമായി മറ്റുവിധികളും വിവിധ ഭാഷകളിൽ ലഭ്യമാക്കാൻ നടപടി എടുത്തുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.