ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളിലും ആചാരങ്ങളിലും കോടതികൾക്ക് ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: ക്ഷേത്രങ്ങളിൽ നടത്തുന്ന ദൈനംദിന ആചാരങ്ങളിലും സേവകളിലും ഭരണഘടനാ കോടതികൾക്ക് ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. കോടതിയിൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ഒരു ക്ഷേത്രത്തിലെ ആചാരങ്ങൾ പാരമ്പര്യങ്ങൾക്ക് അനുസൃതമായി നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഏറ്റവും അനുയോജ്യർ മതപണ്ഡിതന്മാരും പുരോഹിതന്മാരും ആണെന്ന് കോടതി പറഞ്ഞു. ഒരു ക്ഷേത്രത്തിൽ നാളികേരം എങ്ങനെ ഉടക്കണം, പൂജ എങ്ങനെ നടത്തണം എന്ന് ഭരണഘടനാ കോടതി പരിശോധിക്കേണ്ട കാര്യമല്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു.
പ്രശസ്തമായ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്നില്ലെന്ന് ആരോപിച്ച് ശ്രീവാരി ദാദ സമർപ്പിച്ച റിട്ട് ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ഒരു റിട്ട് ഹർജിയുടെ അടിസ്ഥാനത്തിൽ ഒരു ക്ഷേത്രത്തിലെ ദൈനംദിന ആചാരങ്ങളിൽ ഇടപെടാൻ സുപ്രീം കോടതിക്ക് കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ദർശന നടപടിക്രമങ്ങളും മറ്റ് ഭരണപരമായ പ്രശ്നങ്ങളും സംബന്ധിച്ച ശ്രീ ദാദയുടെ പരാതികളിൽ എട്ടാഴ്ചയ്ക്കകം മറുപടി നൽകാൻ തിരുപ്പതി ഭരണകൂടത്തോട് കോടതി ഉത്തരവിട്ടു.
ആചാരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വസ്തുതാപരമായ പ്രശ്നങ്ങൾ തീർപ്പാക്കാൻ ദാദക്ക് കീഴ്ക്കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്യാമെന്ന് കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.