ഭരണഘടനാ ചർച്ച: അംബേദ്കർ- നെഹ്റു ഭിന്നത ഉയർത്തിക്കാട്ടി ഭരണപക്ഷം
text_fieldsന്യൂഡൽഹി: അംബേദ്കറും നെഹ്റുവും തമ്മിലുള്ള അഭിപ്രായഭിന്നതകൾ ഉയർത്തിക്കാട്ടിയായിരുന്നു കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജുവിന്റെ പ്രസംഗം. ബാബാ അംബേദ്കർ ജാതി പൂർണമായും നിരോധിക്കണമെന്നാണ് ആഗ്രഹിച്ചതെങ്കിൽ ക്രമാനുഗതമായ പരിഷ്കരണങ്ങളിലൂടെ ജാതി ഇല്ലാതായിക്കൊള്ളുമെന്നായിരുന്നു നെഹ്റുവിന്റെ വിശ്വാസം.
അവസര സമത്വം പുലരുന്നതു വരെ സംവരണം തുടരണമെന്നായിരുന്നു അംബേദ്കർ ആവശ്യപ്പെട്ടതെങ്കിൽ സമയബന്ധിതമായി 10 വർഷത്തേക്കുള്ള സംവരണമാണ് നെഹ്റു ആവശ്യപ്പെട്ടത്. ദലിതുകൾക്ക് പ്രാതിനിധ്യവും അന്തസ്സുമാണ് അംബേദ്കർ ചോദിച്ചതെങ്കിൽ സാമ്പത്തിക ഉന്നമനത്തോടെ ദലിതുകളോടുള്ള വിവേചനം അവസാനിക്കുമെന്ന് പറഞ്ഞു.
ജാതീയമായ ഉച്ചനീചത്വങ്ങൾ നിർമാർജനം ചെയ്ത് സാമൂഹികനീതി നടപ്പാക്കാനുള്ളതാണ് സംവരണമെന്നാണ് അംബേദ്കറുടെ നിലപാടെങ്കിൽ പാർശ്വവത്കൃത വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള താൽക്കാലിക നടപടിയായിരുന്നു നെഹ്റുവിന് സംവരണം.
‘‘ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു 2000 പ്രസംഗങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും പട്ടിക ജാതിക്കാരുടെ പേര് ഒരിക്കൽ പോലും പറഞ്ഞില്ല. ഇതിൽനിന്ന് കോൺഗ്രസ് പാർട്ടിക്ക് പട്ടികജാതിക്കാരെ കുറിച്ചുള്ള ചിന്ത എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാം. എന്നാൽ, മുസ്ലിംകളുടെ കാര്യത്തിൽ പണ്ഡിറ്റ് നെഹ്റു കടുത്ത നിലപാടുകാരനായിരുന്നു.’’ എന്ന് പറഞ്ഞത് അംബേദ്കറാണെന്ന് റിജിജു അഭിപ്രായപ്പെട്ടു.
നരേന്ദ്ര മോദി സവർക്കറിന്റെ ഇന്നത്തെ രൂപം -ടി.എം.സി
ദ്വിരാഷ്ട്രവാദം ഉണ്ടാക്കിയ സവർക്കറുടെ ഇന്നത്തെ രൂപമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ് അഭിപ്രായപ്പെട്ടു. ഭരണഘടനക്കേറ്റ കളങ്കമാണ് ഗുജറാത്ത് കലാപവും ബാബരി ധ്വംസനവും. അടിയന്തരാവസ്ഥക്ക് ഇന്ദിര ഗാന്ധിയെ വിമർശിക്കുമ്പോൾതന്നെ ഭരണഘടനയിൽ മതേതരത്വവും സോഷ്യലിസവും പൗരമന്മാരുടെ മൗലിക കർത്തവ്യങ്ങളും ഉൾപ്പെടുത്തിയതിന് അവരെ അഭിനന്ദിക്കുകയും വേണമെന്ന് സൗഗത റോയ് പറഞ്ഞു.
സാംസ്കാരിക ദേശീയ ആർ.എസ്.എസിന്റേത് - ഉവൈസി
സാംസ്കാരിക ദേശീയത ഇന്ത്യയുടേതല്ല, ആർ.എസ്.എസിന്റേതാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെ സിന്ദാബാദ് മുദ്രാവാക്യമുണ്ടായ ഉർദുഭാഷയെ ബി.ജെ.പി ഇല്ലാതാക്കുകയാണ്. സർക്കാർ സുപ്രീംകോടതിയിൽ പോയിപാർലമെന്റിന്റെ ശബ്ദം അടിച്ചമർത്താൻ നോക്കിയതാണെന്നും ഉവൈസി പറഞ്ഞു.
ഹിന്ദുക്കളെയും മുസ്ലിംകളെയും വേർതിരിച്ചു കാണുന്നതെന്തിന്? -സിയാഉർറഹ്മാൻ ബർഖ്
സംഭലിലെ മനുഷ്യർക്ക് നീതി ചോദിച്ചതിന് പൊലീസ് വെടിവെപ്പിന്റെ നേരത്ത് അവിടെ ഇല്ലാതിരുന്നിട്ടും തനിക്കെതിരെ കേസ് എടുത്തെന്ന് സംഭൽ എം.പി സിയാഉർറഹ്മാൻ ബർഖ് പറഞ്ഞു.
മുസ്ലിംകളും ഹിന്ദുക്കളും ഒരുമിച്ചാണ് സ്വാതന്ത്ര്യം നേടിയതെങ്കിൽ ഇരുകൂട്ടരെയും വേർതിരിച്ചു കാണുന്നതെന്തിനാണെന്ന് ചോദിച്ച ബർഖ് സംഭലിൽ ലൗഡ്സ്പീക്കറിലൂടെ ബാങ്ക് വിളിച്ച ഇമാമിനെ ജയിലിൽ അടച്ചതെന്തിനാണെന്ന് ചോദിച്ചു.
ഭരണഘടനയുടെ 75ാം വർഷത്തിൽ മുസ്ലിംകൾക്ക് ജീവിക്കാനാകാത്ത സാഹചര്യമാണ് ബി.ജെ.പി സൃഷ്ടിച്ചതെന്നും മുസ്ലിംകളുടെ സ്വത്ത് പിടിച്ചെടുക്കാനാണ് വഖഫ് നിയമഭേദഗതി കൊണ്ടുവന്നതെന്നും കോൺഗ്രസിന്റെ ഇംറാൻ മസൂദ് പറഞ്ഞു.
മുസ്ലിംകൾക്കെതിരെ കലാപകാരികൾ വെടിവെക്കും. അവരെ പേടിച്ചോടിയാൽ പൊലീസ് വെടിവെക്കുമെന്നും ഇംറാൻ മസൂദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.