യു.പിയിലെ 150 കോടിയുടെ റെയ്ഡ്; നോട്ടുകെട്ടുകൾ കൊണ്ടുപോയത് ട്രക്കിൽ, പൊലീസ് അകമ്പടിയും
text_fieldsകാൺപൂർ: ഉത്തർപ്രദേശിലെ ബിസിനസുകാരന്‍റെ വീട്ടിൽനിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത 150 കോടി ബാങ്കിലേക്ക് മാറ്റുന്നത് കണ്ടെയ്നറിൽ. ആദായ നികുതി, ജി.എസ്.ടി വകുപ്പുകൾ സംയുക്തമായായിരുന്നു പരിശോധന.
150 കോടി രൂപ അലമാരയിൽ അട്ടിയിട്ട് വെച്ചിരിക്കുന്നതിന്‍റെയും നോട്ടെണ്ണൽ മെഷീൻ ഉപയോഗിച്ച് എണ്ണിത്തിട്ടപ്പെടുത്തുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വ്യാഴാഴ്ചയായിരുന്നു പരിശോധന. 24 മണിക്കൂറിൽ അധികം നീണ്ടുനിന്ന പരിശോധനയിൽ നോട്ടുകെട്ടുകൾ കൂട്ടിയിട്ടിരിക്കുന്നതിൻറെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
150 കോടിയിലധികം രൂപയും കണ്ടെയ്നറിൽ ബാങ്കിലേക്ക് മാറ്റി. രണ്ടു പൊലീസ് വാഹനങ്ങളുടെയും ദ്രുത കർമ സേനയുടെയും അകമ്പടിയോടെയാണ് പണം ബാങ്കിലേക്ക് മാറ്റുന്നത്.
ജി.എസ്.ടി ഇന്‍റലിജൻസിന്‍റെ അഹ്മദാബാദ് യൂണിറ്റ് കാൺപൂരിലെ ത്രിമൂർത്തി ഫ്രാഗൻസ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ടവരുടെ വീട്ടിലും ഓഫിസിലും ഗോഡൗണിലുമാണ് പരിശോധന നടത്തിയത്. പീയുഷ് ജെയിനിന്‍റെ വീട്ടിലും ഓഫിസുകളിലുമായിരുന്നു പരിശോധന. കാൺപൂർ, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളാണ് ജെയിനിന്‍റെ ബിസിനസ് മേഖല.
നികുതി അടക്കാതെ വ്യാജ കമ്പനിയുടെ ഇൻവോയ്സുകൾ ഉണ്ടാക്കിയാണ് ജി.എസ്.ടി തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് ജി.എസ്.ടി വകുപ്പ് പറയുന്നു. 50,000 രൂപയുടെ 200 ലധികം ഇത്തരം ഇൻവോയ്സുകളും കണ്ടെത്തി. ഇതുവരെയും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.