സുപ്രീംകോടതി ശിക്ഷിച്ചു; പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ
text_fieldsന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ സുപ്രീംകോടതി ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം തടവും അഭിഭാഷകവൃത്തിയിൽ നിന്ന് മൂന്നു വർഷം വിലക്കും ഏർപ്പെടുത്തും. സെപ്തംബർ 15ന് മൂമ്പ് പിഴയെടുക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചിട്ടുണ്ട്. കോടതിയലക്ഷ്യ കേസിൽ 2000 രൂപ പിഴയും ആറു മാസം തടവുമാണ് പരമാവധി ശിക്ഷ.
ചീഫ് ജസ്റ്റിസിനും മുന്‍ ചീഫ് ജസ്റ്റിസുമാർക്കുമെതിരായ വിമര്‍ശനത്തിൽ താൻ മാപ്പു പറയില്ലെന്ന നിലപാട് ചൊവ്വാഴ്ച നടന്ന അവസാന വാദത്തിലും പ്രശാന്ത് ഭൂഷൺ ആവർത്തിച്ചിരുന്നു. മാപ്പ് പറയുന്നതിന് മൂന്ന് ദിവസം കോടതി സമയം നൽകിയിരുന്നെങ്കിലും പ്രശാന്ത് ഭൂഷൺ വഴങ്ങിയിരുന്നില്ല. അവസാന വിചാരണ ദിവസവും അര മണിക്കൂര്‍ അനുവദിച്ചിട്ടും അണുവിട മാറാന്‍ പ്രശാന്ത് ഭൂഷണ് തയാറായിരുന്നില്ല.
ഉത്തമ ബോധ്യത്തോടെയാണ് വിമർശനമുന്നയിച്ചത്. ഖേദം പ്രകടിപ്പിച്ചാൽ മനഃസാക്ഷിയെയും സുപ്രീംകോടതിയെയും അവഹേളിക്കുന്നതിന് തുല്യമാകും. മാപ്പുപറയാൻ നിർബന്ധിക്കുന്നത് ശരിയല്ലെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കിയിരുന്നു.താന്‍ കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്നും ജനാധിപത്യ രീതിയിലുള്ള എന്ത് ശിക്ഷയും അനുഭവിക്കാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.
നീതി സംവിധാനത്തിന്‍റെ ഭാഗമായ പ്രശാന്ത് ഭൂഷൺ ആ സംവിധാനത്തെ തകർക്കരുതെന്ന് ചൊവ്വാഴ്ച നടന്ന വാദത്തിനിടെ ചീഫ് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കിയിരുന്നു. നമ്മൾ പരസ്പരം ബഹുമാനിക്കണം. നമ്മൾ പരസ്പരം തകർക്കാൻ ശ്രമിക്കുമ്പോൾ സ്ഥാപനത്തോടുള്ള വിശ്വാസം തകർക്കപ്പെടാൻ ഇടയാക്കുമെന്നും അരുൺ മിശ്ര ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേ 50 ലക്ഷം രൂപ വിലയുള്ള ഹാര്‍ലി ഡേവിഡ്സണ്‍ ഇരിക്കുന്ന ചിത്രം കഴിഞ്ഞ ജൂൺ 29ന് പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് നടത്തിയ പരാമര്‍ശമാണ് കോടതിയലക്ഷ്യ കേസെടുക്കാൻ കാരണം. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ആഡംബര ബൈക്കിലിരിക്കുന്ന പടത്തോടൊപ്പം, ബി.ജെ.പി നേതാവിന്റെ ബൈക്ക് ചീഫ് ജസ്റ്റിസ് ഓടിക്കുന്നു, ഹെൽമറ്റും മാസ്ക്കും ധരിച്ചില്ല, പൗരന്മാരുടെ നീതിക്കായുള്ള അവകാശം നിഷേധിച്ച് സുപ്രീംകോടതിയെ ലോക്ഡൗണിൽ ആക്കിയിരിക്കുമ്പോഴാണിങ്ങനെ എന്നെല്ലാമാണ് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്.
2009ൽ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയെയും മുൻ ചീഫ് ജസ്റ്റിസുമാരെയും രൂക്ഷമായി വിമർശിച്ചതാണ് പ്രശാന്ത് ഭൂഷനെതിരായ മറ്റൊരു കോടതിയലക്ഷ്യ കേസിനാധാരം. തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേയെയും മുൻ ചീഫ് ജസ്റ്റിസുമാരെയും സുപ്രീംകോടതിയെയും അധിക്ഷേപിച്ചെന്ന് ആരോപിച്ച് അന്ന് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.