സേനയിൽ കരാർ നിയമനം: 46,000 പേർക്ക് ഈ വർഷം നിയമനം
text_fieldsന്യൂഡല്‍ഹി: യുവാക്കൾക്ക് കരാറടിസ്ഥാനത്തിൽ സേനയിൽ ചേരാൻ അവസരമൊരുക്കുന്ന 'അഗ്നിപഥ്' പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ആറു മാസം പരിശീലനം ഉൾപ്പെടെ നാല് വർഷമാണ് സേവനകാലയളവ്. 17.5- 21 ആണ് പ്രായപരിധി. 'അഗ്നിപഥ്' സേവനത്തിന്‍റെ ഭാഗമാകുന്നവർ 'അഗ്നിവീർ' എന്നറിയപ്പെടും. നിയമനം ലഭിക്കുന്നവരിൽ 25 ശതമാനം പേർക്ക് സേനയിൽ തുടരാൻ അവസരമുണ്ടാകും. പിരിഞ്ഞുപോകേണ്ടിവരുന്നവർക്ക് നാലു വർഷ സേവനകാലയളവിൽ ശമ്പളത്തിൽനിന്ന് പിടിക്കുന്ന 5.2 ലക്ഷം ഉൾപ്പെടെ 11.71 ലക്ഷം രൂപ ഒറ്റത്തവണ സേവാനിധി പാക്കേജായി നല്‍കും. മറ്റ് അലവന്‍സുകളും പെന്‍ഷനുകളും നല്‍കില്ല.
സായുധസേനക്ക് കൂടുതൽ യുവത്വം പ്രദാനം ചെയ്യുകയാണ് 'അഗ്നിപഥ്' പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. കര-നാവിക-വ്യോമസേന വിഭാഗങ്ങളിൽ നിയമനം നൽകും.
ആദ്യം കരസേനയിലായിരിക്കും നിയമനം. ഈ വര്‍ഷം 46,000 പേരെ റിക്രൂട്ട് ചെയ്യും. 90 ദിവസത്തിനകം നടപടി തുടങ്ങും. ആദ്യ ബാച്ചിന്റെ പരിശീലനം 2023ല്‍ പൂര്‍ത്തിയാകും. കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് പ്രവേശന നടപടികൾ. സൈനിക പ്രവേശനത്തിനുള്ള അതേ വിദ്യാഭ്യാസ, ശാരീരിക യോഗ്യതയാണ് മാനദണ്ഡം. റിക്രൂട്ട്‌മെന്‍റില്‍ വനിതകള്‍ക്കും പങ്കെടുക്കാം. ആദ്യ വർഷം പ്രതിമാസ ശമ്പളം 30,000 രൂപയായിരിക്കും. രണ്ടാം വര്‍ഷം 33,000 രൂപയും മൂന്നാം വര്‍ഷം 36,500 രൂപയും നാലാം വര്‍ഷം 40,000 രൂപയും ലഭിക്കും. ശമ്പളത്തിന്‍റെ 30 ശതമാനം 'അഗ്നിവീർ പാക്കേജ്' ഫണ്ടിലേക്ക് സംഭാവനയായി പിടിക്കും. ഇതേ തുക സർക്കാറും സംഭാവനയായി നൽകും. നാലു വര്‍ഷത്തിന് ശേഷം ശമ്പളത്തിൽനിന്ന് ആകെ പിടിച്ച 5.02 ലക്ഷം രൂപയും സര്‍ക്കാര്‍ നിക്ഷേപിച്ച തുകയായ 5.02 ലക്ഷം രൂപയും ഉൾപ്പെടെ പലിശസഹിതം 11.71 ലക്ഷം രൂപ ഒറ്റത്തവണ തിരികെ നല്‍കും. ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ടാകും. സേവനകാലത്ത് മരണപ്പെട്ടാല്‍ 44 ലക്ഷം രൂപ ആശ്രിതര്‍ക്ക് ലഭിക്കും. പരിക്കേറ്റ് അംഗഭംഗം സംഭവിച്ചാലും നഷ്ടപരിഹാരം ലഭിക്കും. സേവാനിധി പാക്കേജിന്‍റെ അടിസ്ഥാനത്തില്‍ 18.2 ലക്ഷം രൂപ വരെ ബാങ്ക് വായ്പയും നിശ്ചിത കാലയളവിലേക്ക് ലഭിക്കും.
നാലു വര്‍ഷത്തിന് ശേഷം 25 ശതമാനം പേരെ പെന്‍ഷന്‍, ഇൻഷുറന്‍സ്, സബ്‌സിഡി എന്നിവ സഹിതം സ്ഥിരം സര്‍വിസിലേക്ക് ഉള്‍പ്പെടുത്തും. നാലുവര്‍ഷ സേവനകാലം ശമ്പളവും പെന്‍ഷനും നിര്‍ണയിക്കുമ്പോള്‍ കണക്കാക്കില്ല. ബാക്കിവരുന്ന 75 ശതമാനം പേര്‍ക്ക് മറ്റു ജോലികള്‍ക്കാവശ്യമായ പരിശീലനം നല്‍കും. അര്‍ധസൈനിക വിഭാഗങ്ങളിലും പൊലീസ് സേനയിലും മറ്റു സര്‍ക്കാര്‍ ജോലികളില്‍ ചേരുന്നതിന് ഇവർക്ക് മുന്‍ഗണന നല്‍കും.
ഇതിനായി പരിശീലനത്തിന് ശേഷം അഗ്നിവീര്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് നൽകും. അതേസമയം, പുതിയ പരിഷ്കരണം സൈന്യത്തിന്‍റെ പോരാട്ടവീര്യം കെടുത്തുമെന്നും പ്രഫഷനലിസം നശിപ്പിക്കുമെന്നും ആരോപണമുയർന്നിട്ടുണ്ട്. സേനാവിഭാഗങ്ങളിലെ ശമ്പള, പെന്‍ഷന്‍ ചെലവുകള്‍ കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന വിമർശനവും മുൻ സൈനിക ഉദ്യോഗസ്ഥർ ഉയർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.