നിയന്ത്രണ രേഖകൾ സ്വയം തീരുമാനിച്ച ദിനങ്ങൾ
text_fieldsഒരു സൈനികന് സംഭവിച്ചേക്കാവുന്ന ആപത്തുകളെക്കുറിച്ച് കാര്യമായി അറിയാത്ത നവവധുവായ എന്റെ ഭാര്യ കണ്ണീരണിഞ്ഞ് എന്നെ യാത്രയാക്കി. ലഡാക്കിൽ പൊരുതിക്കൊണ്ടിരുന്ന നമ്മുടെ സൈനികർക്ക് വ്യോമതല പിന്തുണ നൽകുന്നതിനായി ഞങ്ങളുടെ വിമാനവും ഒരുക്കിയിരുന്നു. അതുവരെ അധികമൊന്നും അറിയപ്പെടാഞ്ഞ കാർഗിൽ പട്ടണം പൊടുന്നനെ ലോകഭൂപടത്തിൽ ഉയർന്നുവന്നിരുന്നു.
വിമാനം പറത്തി ഒരുവർഷത്തെ മാത്രം പരിചയമുള്ള, മലമ്പ്രദേശങ്ങൾക്ക് മുകളിൽ പറത്തിയ പശ്ചാത്തലമില്ലാത്ത ഞാൻ ജോലിസ്ഥലത്തുനിന്ന് പരിശീലനം നേടിയിരുന്നു. ഓക്സിജന്റെ അളവ് തീരേ കുറഞ്ഞ മേഖലകളിലൂടെയുള്ള യാത്ര മനുഷ്യർക്കും യന്ത്രത്തിനും ഒരുപോലെ പരീക്ഷണമായിരുന്നു. കഷ്ടിച്ച് ലാൻഡ് ചെയ്യാനുള്ള വീതി മാത്രമായിരുന്നുവെന്നതിനാൽ ഹെലിപ്പാഡിൽ പിശകുപറ്റാനുള്ള ഇടമില്ലായിരുന്നു. ജോടികളായി പറക്കുന്നത് ഒരൽപം ആശ്വാസം നൽകി; അവശ്യഘട്ടത്തിൽ നമ്മുടെ ലൊക്കേഷനെങ്കിലും അറിയാനാകുമല്ലോ. ഓരോ മുന്നേറ്റവും പുത്തൻ അനുഭവങ്ങളായിരുന്നുവെന്നതുപോലെ ഓരോ തവണ നിലത്തിറങ്ങുമ്പോഴും വീട്ടിൽ തിരിച്ചെത്തിയ തോന്നലും അനുഭവപ്പെട്ടിരുന്നു.
‘നിയന്ത്രണ രേഖ’ക്ക് പ്രസക്തി നഷ്ടമായിരുന്നതിനാൽ ഇറങ്ങേണ്ടത് സൗഹൃദമേഖലയിലോ ശത്രുവിന്റെ മണ്ണിലോ എന്ന് ഞങ്ങൾ തീരുമാനിക്കണമായിരുന്നു. ഹെലികോപ്ടറുകളിൽ മുറിവടയാളങ്ങളുമായി എത്തിയവർ ധീരതാ പുരസ്കാരങ്ങൾക്ക് അർഹരായിരുന്നു. മുറിവേറ്റവർക്ക് ഞങ്ങൾ ‘കാരുണ്യത്തിന്റെ മാലാഖ’മാരായി. സങ്കടകരമായ കാര്യം, ചിലർക്ക് അതിജീവിക്കാനായില്ല, മറ്റു ചിലർ ജീവിതകാലം മുഴുവൻ അംഗഭംഗം പേറി കഴിയേണ്ടിവന്നു. മനംപിരട്ടുന്ന മരണഗന്ധം അവിടമാകെ തങ്ങിനിന്നിരുന്നു.
രഹസ്യാന്വേഷണ ദൗത്യ ചുമതലകളുള്ള ഫ്ലൈയിങ് കമാൻഡർമാരുടെ മുഖങ്ങളിൽ സമ്മർദവും ഉത്കണ്ഠയും വായിച്ചെടുക്കാമായിരുന്നു. അവരുടെ തീരുമാനങ്ങളെ ആശ്രയിച്ചാണ് അനേകം ജീവിതങ്ങൾ നിലനിന്നിരുന്നത്. നമ്മുടെ വിമാനങ്ങളിലൊന്ന് തകർന്നത് വല്ലാത്ത നിശ്ശബ്ദത പടർത്തി, പക്ഷേ വൈമാനികർ സുരക്ഷിതരാണെന്ന വാർത്തയെത്തിയത് ആഘോഷമായി. ടെലിവിഷനിലൂടെ ഒഴുകിയെത്തിയ ‘‘യേ ദിൽ മാംഗേ മോർ’’ എന്ന ക്യാപ്റ്റൻ വിക്രം ബത്രയുടെ ഐതിഹാസിക വാക്കുകൾ ഞങ്ങളിൽ ആവേശം നിറച്ചു; ദിവസങ്ങൾക്കുശേഷം നമ്മെയൊന്നാകെ നടുക്കിക്കൊണ്ട് അദ്ദേഹത്തിന്റെ മരണവൃത്താന്തമെത്തി. ടോളോലിങ് റിഡ്ജും ടൈഗർ ഹില്ലും നാം തിരികെ നേടിയപ്പോൾ സന്തോഷം ഉണ്ടായിരുന്നു, എന്നാൽ, ഈ വിജയം സാധ്യമാക്കിയവരുടെ ഭൗതികശരീരങ്ങൾ വഹിച്ചെത്തുമ്പോൾ ആ സന്തോഷം മങ്ങിപ്പോയിരുന്നു.
രണ്ട് പുത്രന്മാർ യുദ്ധമേഖലയിലായിരുന്നുവെന്നതിനാൽ എന്റെ മാതാപിതാക്കൾക്കത് ഉൾക്കിടിലങ്ങൾ നിറഞ്ഞ ഒരു കാലമായിരുന്നു. തോക്കുകൾ നിശ്ശബ്ദമായപ്പോൾ സമ്മിശ്ര വികാരങ്ങളോടെയാണ് ഞങ്ങൾ ജലന്ധറിലേക്ക് മടങ്ങിയത്. ഞങ്ങൾ യുദ്ധം ജയിച്ചു, പക്ഷേ ഞങ്ങളിലൊരാൾക്ക് തിരിച്ചെത്താനുള്ള ഭാഗ്യമുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.