വിരമിക്കാനിരിക്കെ ബാലാവകാശ കമീഷൻ ചെയർമാന്റെ വിവാദ നടപടി
text_fieldsന്യൂഡൽഹി: വിരമിക്കാൻ ഏതാനും ദിവസങ്ങൾ ശേഷിക്കെയാണ് ദേശീയ ബാലാവകാശ കമീഷൻ ചെയർമാൻ പ്രിയങ്ക് കാനൂൻഗോയുടെ വിവാദനടപടി. മദ്റസകൾക്കും മദ്റസ ബോർഡുകൾക്കും സർക്കാർ ധനസഹായം നിർത്തണമെന്ന് ആവശ്യപ്പെടുന്ന കത്തിനൊപ്പം ഏറെക്കാലമായി സംഘ്പരിവാർ കേന്ദ്രങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ആവർത്തിക്കുന്ന റിപ്പോർട്ടും ഉൾച്ചേർത്തിട്ടുണ്ട്.
ഇസ്ലാമിക ആധിപത്യം മദ്റസകളിൽ പഠിപ്പിക്കുന്നു, മതേതരമൂല്യങ്ങൾക്കെതിരായ വിദ്യാഭ്യാസരീതി, ബിഹാറിലെ മദ്റസ പഠനസാമഗ്രികളിൽ പാകിസ്താനിൽ അച്ചടിച്ച പുസ്തകവും വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു, ഉച്ചഭക്ഷണവും പുസ്തകങ്ങളുമടക്കം അവകാശങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്നു എന്നിങ്ങനെ വിലയിരുത്തലുകൾ റിപ്പോർട്ടിൽ കാണാം. പരിശീലനം സിദ്ധിച്ച അധ്യാപകരുടെ അപര്യാപ്തതയും റിപ്പോർട്ടിലെ പ്രധാന പരാമർശങ്ങളിലൊന്നാണ്.
ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പി നിലവിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുടെ പ്രതിഫലനം കൂടെയായി നിലവിലെ നടപടികളെ വ്യാഖ്യാനിക്കാം. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് പ്രത്യേക രാഷ്ട്രീയസാഹചര്യം സംജാതമായിരുന്നു. ജാതി സെൻസസ് അടക്കം വിഷയങ്ങൾ സജീവ ചർച്ചയായതോടെ ഹിന്ദുത്വ ഏകീകരണം സാധ്യമാവുന്നില്ലെന്ന് സംഘ്പരിവാർ സംഘടനകൾക്ക് അഭിപ്രായമുണ്ട്. ഇത് നേരിടാൻ ലക്ഷ്യമിട്ടാണ് വഖഫ് ബിൽ അടക്കമുള്ളവ മുന്നോട്ടുവെച്ചതെന്ന് പ്രതിപക്ഷം നേരത്തേ ആരോപണമുന്നയിച്ചിരുന്നു. നിലവിലെ ബാലാവകാശ കമീഷൻ നിർദേശവും ഇത്തരത്തിലാണ് നോക്കിക്കാണുന്നത്. ഏതാനും മാസത്തിനകം തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മഹാരാഷ്ട്രയടക്കം സംസ്ഥാനങ്ങളിൽ സർക്കാർ നയം സ്വാധീനം ചെലുത്തിയേക്കും.
നിലവിലെ ബാലാവകാശ കമീഷൻ ശിപാർശകൾ എത്രകണ്ട് നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കാകുമെന്ന് കണ്ടറിയണം. ഏതാനും ദിവസം മുമ്പാണ് മഹാരാഷ്ട്രയിലെ എൻ.ഡി.എ സർക്കാർ ന്യൂനപക്ഷ വിദ്യാഭ്യാസ ഗ്രാന്റുകൾ കുത്തനെ ഉയർത്തുകയും മദ്റസ അധ്യാപകരുടെ വേതനം ഇരട്ടിയാക്കുകയും ചെയ്തത്. മൂന്നാം മോദി സർക്കാറിൽ നിർണായക സ്വാധീനമുള്ള ജെ.ഡി.യു അടക്കമുള്ളവർ ന്യൂനപക്ഷവിരുദ്ധ തീരുമാനത്തെ പിന്തുണച്ചേക്കില്ലെന്നതും ശ്രദ്ധേയമാണ്. എൽ.ജെ.പി അടക്കമുള്ളവർ വിഷയത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.
ഭരണഘടനയുടെ 25ാം അനുച്ഛേദമാണ് മതസ്വാതന്ത്യം ഉറപ്പാക്കുന്നത്. 29, 30 അനുച്ഛേദങ്ങൾ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് നിർദേശിക്കുന്നു. മദ്റസകളടക്കം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശം ഇതിൽനിന്ന് വന്നുചേരുന്നതാണ്. അനുച്ഛേദം 21എ പ്രകാരമാണ് കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ ദേശീയവിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയത്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിൽ അനുച്ഛേദം 21എ കൂടി എഴുതിച്ചേർക്കുകയായിരുന്നു. നിലവിൽ കമീഷൻ വാദിക്കുന്നത് 25,29, 30 എന്നീ അനുച്ഛേദങ്ങൾക്ക് മുകളിലാണ് 21എ എന്നാണ്. ഇത് നിയമപ്രശ്നമായി ഉയർത്തിക്കൊണ്ടുവരാൻ കൂടിയാണ് കമീഷൻ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.