വിവാദ ക്രിമിനൽ നിയമ ബില്ലുകൾ പിൻവലിച്ചു
text_fieldsന്യൂഡൽഹി: ക്രിമിനൽ നീതി നിർവഹണ സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച മൂന്ന് വിവാദ ബില്ലുകൾ പിൻവലിച്ചു. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മുന്നോട്ട് വെച്ച ഭേദഗതി നിർദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ബിൽ അവതരിപ്പിക്കുന്നതിനാണ് നിലവിലെ ബില്ലുകൾ പിൻവലിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
1860ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരമായി അവതരിപ്പിച്ച ഭാരതീയ ന്യായ സംഹിതാ ബിൽ, 1973ലെ ക്രിമിനൽ നടപടിച്ചട്ടത്തിന് പകരമായി അവതരിപ്പിച്ച ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബിൽ, 1872ലെ ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായി അവതരിപ്പിച്ച ഭാരതീയ സാക്ഷ്യ ബിൽ എന്നിവയാണ് പിൻവലിച്ചത്.
കഴിഞ്ഞ ആഗസ്റ്റ് 11നാണ് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചത്. തുടർന്ന്, ആഗസ്റ്റ് 18ന് ആഭ്യന്തര കാര്യങ്ങൾക്കായുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു.
ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ പ്രതിനിധികൾ, വിഷയ വിദഗ്ധർ തുടങ്ങിയവരുമായി നിരവധി തവണ ചർച്ചകൾ നടത്തിയ സമിതി നവംബർ 10ന് റിപ്പോർട്ട് നൽകി. സമിതിയുടെ ശിപാർശകൾ പരിഗണിച്ച് ചില ഭേദഗതികൾ വരുത്തുന്നതിനാണ് ബിൽ പിൻവലിച്ചിരിക്കുന്നത്. ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ ബില്ലുകൾ അവതരിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.