സംസ്ഥാനങ്ങളുെട അധികാരം കവരാൻ വിവാദ ഡൽഹി ബിൽ ലോക്സഭയിൽ
text_fieldsന്യൂഡൽഹി: സംസ്ഥാനങ്ങളുടെ അധികാരം വളഞ്ഞവഴിയിലൂടെ കവരാനുള്ള കുതന്ത്രമെന്ന് ആക്ഷേപമുയർന്ന വിവാദ ഡൽഹി ഓർഡിനൻസ് വ്യവസ്ഥകൾ സ്ഥിരപ്പെടുത്തുന്ന ബിൽ ലോക്സഭയിൽ. ഉദ്യോഗസ്ഥ നിയമനത്തിനും സ്ഥലംമാറ്റത്തിനുമുള്ള അധികാരം ഡൽഹി സർക്കാറിൽ നിക്ഷിപ്തമാക്കിയ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധി മറികടക്കാൻ കൊണ്ടുവന്ന നിയമഭേദഗതി ബിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് അവതരിപ്പിച്ചത്.
കോൺഗ്രസ് അടക്കം ഇൻഡ്യ മുന്നണിയിലെ എല്ലാ കക്ഷികളും നിയമഭേദഗതിയെ കൂട്ടായി എതിർത്തു. ബിൽ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തുന്നതും ഭരണഘടന വിരുദ്ധവുമാണെന്നും ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം, വിഷയം സുപ്രീംകോടതി പരിഗണനയിലാണെന്നും സഭയിൽ അവതരിപ്പിക്കാൻ അനുമതി നൽകരുതെന്നും സ്പീക്കറോട് ആവശ്യപ്പെട്ടു. എന്നാൽ, ഡൽഹിക്കുവേണ്ടി നിയമം നിർമിക്കാൻ കേന്ദ്രത്തിന് ഭരണഘടന അധികാരം നൽകുന്നുണ്ടെന്ന് പ്രതിപക്ഷ പ്രതിഷേധം തള്ളി ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
മണിപ്പൂർ വിഷയത്തിൽ പ്രതിഷേധം കത്തിനിൽക്കുന്നതിനിടെയാണ് വിവാദ ബിൽ സഭയിൽ വെച്ചത്. ഡൽഹിയിലെ ഗ്രൂപ് എ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതിനും നിയമിക്കുന്നതിനുമുള്ള അധികാരം മുഖ്യമന്ത്രി അധ്യക്ഷനായുള്ള അതോറിറ്റിക്ക് കൈമാറാനുള്ള ഓർഡിനൻസാണ് ബില്ലാക്കി പാർലമെന്റിൽ അവതരിപ്പിച്ചത്. അതോറിറ്റിയിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരും അംഗങ്ങളാവും. വിയോജിപ്പുണ്ടായാൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്ര സർക്കാർ നോമിനിയായ ലെഫ്റ്റനന്റ് ഗവർണർക്കാകും. ഇങ്ങനെ വരുന്നതോടെ തെരഞ്ഞെടുക്കപ്പെട്ട ഡൽഹി സർക്കാർ ഫലത്തിൽ നോക്കുകുത്തിയാകും.
ബില്ലിനെ എതിർത്ത് ‘ഇൻഡ്യ’ പ്രതിപക്ഷ കൂട്ടായ്മ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. സഭയിൽ ഹാജരാകാൻ എം.പിമാർക്ക് പ്രതിപക്ഷ പാർട്ടികൾ വിപ്പ് നൽകിയിരുന്നു. അതേസമയം, ബിജു ജനതാ ദൾ (ബി.ജെ.ഡി) സഭയിൽ ബില്ലിനെ അനുകൂലിച്ചു. പാർട്ടിക്ക് ലോക്സഭയിൽ 22ഉം രാജ്യസഭയിൽ ഒമ്പതും അംഗങ്ങളുണ്ട്.
മേയ് 19ന് കൊണ്ടുവന്ന ഓർഡിനൻസിൽ ചെറിയ ഭേദഗതി വരുത്തിയാണ് ബിൽ അവതരിപ്പിച്ചത്. ലോക്സഭയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ളതിനാൽ ബിൽ പാസാകും. രാജ്യസഭയിൽ വ്യക്തമായ ഭൂരിപക്ഷമില്ല. എന്നാൽ, ബി.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ് പിന്തുണയോടെ പാസാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം. വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുമെന്ന ബി.എസ്.പി തീരുമാനവും കേന്ദ്രത്തിന് അനുകൂലമാകും. ഓർഡിനൻസിനെതിരെ ഡൽഹി സർക്കാർ നൽകിയ ഹരജി സുപ്രീംകോടതി ഭരണഘടന ബെഞ്ചിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.