കർഷകരുടെ നേരെ തോക്ക് ചൂണ്ടി: വിവാദ ഐ.എ.എസ് ട്രെയിനി ഓഫിസറുടെ മാതാവ് അറസ്റ്റിൽ
text_fieldsപുണെ: വിവാദ ഐ.എ.എസ് ട്രെയിനി ഓഫിസർ പൂജ ഖേദ്കറുടെ അമ്മ മനോരമ ഖേദ്കറെ അനധികൃത തോക്ക് കൈവശം വെച്ചതിന് പുണെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ കാറിൽ അനധികൃതമായി ‘മഹാരാഷ്ട്രസർക്കാർ’ എന്ന ബോർഡും ബീക്കൺ ലെറ്റും സ്ഥാപിച്ച് വിവാദത്തിലായ ട്രെയിനി ഐ.എ.എസ് ഓഫിസർ പൂജ ഖേദ്കർ പലവിധ ആരോപണങ്ങളെ തുടർന്ന് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സമയത്താണ് മാതാവിനെതിരെയുള്ള പൊലീസ് നടപടി.
പുണെ ജില്ലയിലെ മുൽഷി ഗ്രാമത്തിൽ ഭൂമി തർക്കവുമായി ബന്ധപ്പെട്ട് പ്രാദേശിക കർഷകരുമായി വാഗ്വാദം നടത്തുന്നതിനിടെ പിസ്റ്റൾ ചൂണ്ടുന്ന മനോരമ ഖേദ്കറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭൂമിയുടെ രേഖകൾ കാണണമെന്ന് ആവശ്യപ്പെട്ട് കർഷകനുമായി തർക്കിക്കുന്ന ദൃശ്യങ്ങളിൽ കാമറ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇവർ പെട്ടെന്ന് തോക്ക് ഒളിപ്പിക്കുന്നതും കാണാം.
വീഡിയോ വൈറലായതിനെ തുടർന്ന് പുണെ പോലീസ് മനോരമക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇവരുടെ ഭർത്താവും റിട്ടയേർഡ് ഐ.എ.എസ് ഓഫീസറുമായ ദിലീപ് ഖേദ്കറെയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്. റായ്ഗഡ് ജില്ലയിലെ കോട്ടയ്ക്കടുത്തുള്ള ലോഡ്ജിൽ ഒളിച്ചിരുന്ന മനോരമയെ പുണെ പോലീസ് വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സർക്കാർ സർവിസിൽ ഉദ്യോഗസ്ഥനായിരിക്കെ രണ്ടുതവണ സസ്‌പെൻഡ് ചെയ്യപ്പെട്ട ചരിത്രവും പിതാവ് ദിലീപ് ഖേദ്കറിനുണ്ട്. അതിനിടെ പുണെ ജില്ലാ കളക്ടർ സുഹാസ് ദിവാസെ തന്നെ പീഡിപ്പിച്ചെന്ന പരാതിയിൽ പൂജ ഖേദ്കറെ പോലീസ് വിളിച്ചുവരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.