വിവാദ ഖനന രാജാവ് ജി. ജനാർദനൻ റെഡ്ഡി ബി.ജെ.പി വിട്ടു
text_fieldsബംഗളൂരു: കർണാടകയിൽ ഓപറേഷൻ താമരയിലൂടെ ബി.ജെ.പിക്ക് അധികാരത്തിലേക്ക് വഴിതുറന്നതിൽ പ്രധാന പങ്കുവഹിച്ച വിവാദ ഖനന രാജാവും മുൻമന്ത്രിയുമായ ജി. ജനാർദനൻ റെഡ്ഡി പാർട്ടി വിട്ടു.നിയമസഭാതെരഞ്ഞെടുപ്പിന് നാലുമാസം മാത്രം ശേഷിക്കേ അദ്ദേഹം ‘കല്യാണ രാജ്യ പ്രഗതി പക്ഷ (കെ.ആർ.പി.പി)’ എന്ന പേരിൽ പുതിയ പാർട്ടിയും രൂപവത്കരിച്ചു. കൊപ്പാൽ ജില്ലയിലെ ഗംഗാവതി മണ്ഡലത്തിൽനിന്ന് മത്സരിക്കുമെന്നും അറിയിച്ചു.
ഏറെ കാലമായി ബി.ജെ.പി നേതാക്കളും റെഡ്ഡിയും തമ്മിൽ ഭിന്നത രൂക്ഷമാണ്. സഹസ്രകോടികളുടെ അഴിമതി നടന്ന അനധികൃത ഖനന കേസിൽ കേന്ദ്രത്തിലെ യു.പി.എ ഭരണകാലത്ത് അറസ്റ്റിലായ റെഡ്ഡി നാലു വർഷം ജയിലിൽ ആയിരുന്നു. 2015ലാണ് സുപ്രീംകോടതി ജാമ്യം നൽകുന്നത്. പാസ്പോർട്ട് സറണ്ടർ ചെയ്യുക, അനുമതിയില്ലാതെ രാജ്യം വിടരുത് എന്നീ വ്യവസ്ഥകളിലായിരുന്നു ജാമ്യം.
സ്വന്തം മണ്ഡലമായ ബെള്ളാരിയിൽ പ്രവേശിക്കാനും അനുമതിയില്ല. 2006 ലാണ് ഓപറേഷൻ താമരയിലൂടെ കോൺഗ്രസ് സർക്കാറിനെ അട്ടിമറിച്ച് കർണാടകയിൽ ആദ്യമായി ബി.ജെ.പി അധികാര സ്ഥാനത്ത് എത്തുന്നത്. ജനതാദൾ എസുമായി ചേർന്നായിരുന്നു സർക്കാർ രൂപവത്കരണം. കുമാരസ്വാമിയെയാണ് മുഖ്യമന്ത്രിയാക്കിയത്.
എന്നാൽ 2008 ൽ 110 സീറ്റിൽ വിജയിച്ച ബി.ജെ.പി സർക്കാർ ആറ് സ്വതന്ത്രരുടെ പിന്തുണയിൽ അധികാരമേറ്റു. ബി.എസ് യെദിയൂരപ്പയായിരുന്നു മുഖ്യമന്ത്രി. ആ സർക്കാറിൽ വിനോദസഞ്ചാര -അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രിയായിരുന്നു റെഡ്ഡി. ഇക്കാലയളവിൽനടന്ന അഴിമതിക്കേസിലാണ് സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്.
റെഡ്ഡിയുടെ നേതൃത്വത്തിൽ കോടികൾ വാരിയെറിഞ്ഞാണ് ബി.ജെ.പി അധികാരത്തിലെത്തിയതെന്ന് വ്യാപക ആരോപണമുണ്ടായിരുന്നു. ജാമ്യം ലഭിച്ചതിനുശേഷം ബെള്ളാരിക്ക് പുറത്തുള്ള മണ്ഡലത്തിൽനിന്ന് മത്സരിക്കാനും രാഷ്ട്രീയത്തിൽ രണ്ടാം വരവ് നടത്താനും ശ്രമിച്ചെങ്കിലും ബി.ജെ.പി തടയിട്ടതോടെയാണ് അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തത്.
അഴിമതിക്കേസിൽ അകപ്പെട്ടപ്പോൾ ബി.ജെ.പി സഹായിച്ചില്ല. ജനാർദന റെഡ്ഡിക്കൊപ്പം ബി.ജെ.പിക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. താൻ പ്രതിസന്ധിയിൽ ആയപ്പോൾ മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അല്ലാതെ ആരും തിരിഞ്ഞുനോക്കിയില്ലെന്നും റെഡ്ഡി ആരോപിക്കുന്നുണ്ട്. ബി.ജെ.പിയെ അധികാരത്തിലെത്തിക്കാൻ പ്രവർത്തിച്ച താൻ കെണിയിൽ അകപ്പെടുകയായിരുന്നുവെന്നും റെഡ്ഡി പറഞ്ഞു.
പുതിയ പാർട്ടിയിൽ ചേരാൻ ബി.ജെ.പിയിൽ അടക്കമുള്ള തന്റെ സുഹൃത്തുക്കളെ നിർബന്ധിക്കില്ലെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിക്കുന്ന രാഷ്ട്രീയത്തിനെതിരെ സാമൂഹിക പരിഷ്കർത്താവ് ബസവണ്ണയുടെ ആദർശങ്ങളിലൂന്നി പ്രവർത്തിക്കുമെന്നും റെഡ്ഡി പറഞ്ഞു.സംസ്ഥാനത്തിന്റെ വടക്കൻ മേഖലയായ കല്യാണ കർണാടകയിൽ ബി.ജെ.പി വേരുറപ്പിച്ചത് റെഡ്ഡിയുടെ തണലിലാണ്. പുതിയ പാർട്ടിയുമായുള്ള റെഡ്ഡിയുടെ കടന്നുവരവ് വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.