പ്രവാചകനെതിരായ വിവാദ പരാമര്‍ശം: ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
text_fieldsന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി ദേശീയ വക്താവ് നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തില്‍ ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത്തരം ചെറിയ അഭിപ്രായപ്രകടനങ്ങളെക്കുറിച്ച് ഇന്ത്യ ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യ എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യമാണ്. പ്രധാനമന്ത്രിയും ആര്‍.എസ്.എസ് മേധാവിയും പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നേതാക്കളുടെ പരാമര്‍ശത്തില്‍ ഖത്തറും കുവൈത്തും ഇറാനും സൗദിയും അടക്കമുള്ള രാജ്യങ്ങളും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‍ലാമിക് കോ-ഓപറേഷനും പ്രതിഷേധിച്ചിരുന്നു. ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തലിനെ വിളിച്ചുവരുത്തി ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രതിഷേധമറിയിച്ചു. വിശ്വാസികളെ വേദനിപ്പിക്കുന്ന പ്രസ്താവന അപലപനീയമാണെന്നും സര്‍ക്കാര്‍ ക്ഷമാപണം നടത്തണമെന്നും ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചത്.
വിവാദ പരാമര്‍ശം നടത്തിയ ദേശീയ വക്താവ് നുപുര്‍ ശര്‍മയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‍പെൻഡ് ചെയ്യുകയും പാര്‍ട്ടി ഡല്‍ഹി ഘടകം മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു. നൂപുറിന്റെ വിവാദ പരാമർശത്തെത്തുടർന്ന് വെള്ളിയാഴ്ച യു.പിയിലെ കാൺപൂരില്‍ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.