രാവണദഹനം നവമി ദിനത്തിൽ നടത്തണമെന്ന് മഹാരാഷ്ട്ര സർക്കാർ; രാവണനെ എങ്ങനെ നേരത്തെ വധിക്കുമെന്ന് കോൺഗ്രസ്
text_fieldsമുംബൈ: രാവണദഹനം നവമി ദിനത്തിൽ വൈകുന്നേരം നടത്താൻ സംഘാടകരോട് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ബി.ജെ.പി-ശിവസേന-എൻ.സി.പി സർക്കാർ. നവമി ദിനത്തിൽ രാവണദഹനം നടത്തിയാൽ ദസറ റാലിക്ക് ശിവസേനക്ക് വേദി ഒഴിവായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം. ആസാദ് മൈതാനാണ് ഇരു പരിപാടികൾക്കും വേദിയാകുന്നത്.
സർക്കാരിന്‍റെ പരാമർശത്തിന് പിന്നാലെ വിമർശനങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. രാവണദഹനം നേരത്തെ നടത്താൻ സർക്കാർ സംഘാടകരെ നിർബന്ധിക്കുകയാണെന്നും ഇന്ത്യൻ സംസ്കാരത്തെയും ജനങ്ങളുടെ വിശ്വാസത്തെയും സർക്കാർ കബളിപ്പിക്കുകയാണെന്നും കോൺഗ്രസ് എം.എൽ.എയും മുൻ മന്ത്രിയുമായ പ്രൊഫസർ വർഷ ഗെയ്ക്വാഡ് പറഞ്ഞു.
"ഈ മണ്ഡലങ്ങൾ 48 വർഷമായി ആസാദ് മൈതാനിയിൽ രാംലീല നടത്തിവരികയാണ്. തങ്ങളുടെ റാലിക്ക് വേണ്ടി മൈതാനം വിട്ടുനൽകാൻ സർക്കാർ സംഘാടകരെ നിർബന്ധിക്കുകയാണ്. എല്ലാ മണ്ഡലങ്ങളോടും ഒന്നുകിൽ രാവണദഹനാചാരം നവമി ദിനത്തിൽ നടത്തുകയോ രാമലീല ചടങ്ങുകൾ പൂർണമായും മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റുകയോ ചെയ്യണമെന്നാണ് സർക്കാർ പറയുന്നത്.
ഇത് ഇന്ത്യൻ സംസ്‌കാരത്തോടുള്ള അവഹേളനവും ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തോടുള്ള അനാദരവുമാണ്. രാമലീല എവിടെ തുടങ്ങുന്നുവോ അവിടെ രാവണന്റെ മരണവും സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവണദഹനം നേരത്തെ നടത്തണമെന്ന് പറയുന്നത് ഇന്ത്യൻ സംസ്കാരത്തിൽ അഭിമാനിക്കുന്നവർക്ക് ചേർന്നതല്ല" ഗെയ്ക്വാഡ് കൂട്ടിച്ചേർത്തു. സർക്കാർ പരാമർശം പിൻവലിക്കണമെന്നും ജനങ്ങൾ പ്രതിഷേധിച്ചാൽ മുംബൈ കോൺഗ്രസ് ഏത് പ്രക്ഷോഭത്തിനും പിന്തുണക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.