ഫാറൂഖ് അബ്ദുല്ലയുടെ പരാമർശത്തെച്ചൊല്ലി വിവാദം
text_fieldsന്യൂഡൽഹി: ചൈനയുടെ പിന്തുണയോടെ ജമ്മു-കശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കുമെന്ന മട്ടിൽ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ല ടി.വി ചർച്ചയിൽ പറഞ്ഞുവെന്ന് വിവാദം. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ലെന്നും പരാമർശം വളച്ചൊടിച്ചതാണെന്നും നാഷനൽ കോൺഫറൻസ് വിശദീകരിച്ചു.
എന്നാൽ, ഫാറൂഖ് അബ്ദുല്ലയുടെ പാർലമെൻറ് അംഗത്വം റദ്ദാക്കി ദേശദ്രോഹത്തിന് കേസെടുക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ഫാറൂഖ് അബ്ദുല്ലയെ ദത്തെടുക്കണമെന്ന പോസ്റ്റർ ചൈനീസ് എംബസിയിലേക്കുള്ള ചൂണ്ടുപലകയിൽ പതിച്ച് ഹിന്ദു സേന പ്രതിഷേധിച്ചു.
'ഇന്ത്യ ടുഡെ'ക്ക് നൽകിയ അഭിമുഖമാണ് വിവാദമായത്. ജമ്മു-കശ്മീരിന് പ്രത്യേക പദവിയിലൂടെ അർധ സ്വയംഭരണ സ്വാതന്ത്ര്യം നൽകിപ്പോന്ന 370ാം ഭരണഘടന വകുപ്പ് എടുത്തുകളഞ്ഞതാണ് ഇന്ത്യ-ചൈന സംഘർഷം വളർത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ഈ നടപടി ചൈന അംഗീകരിക്കുന്നില്ല. അതിർത്തിയിൽ അവർ എന്തുചെയ്യുന്നോ, അതെല്ലാം ഇതുകൊണ്ടാണ്. അവരുടെ പിന്തുണയോടെ 370ാം വകുപ്പ് ജമ്മു-കശ്മീരിൽ പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാറൂഖ് അബ്ദുല്ല പറഞ്ഞുവെന്നും ചാനൽ പറഞ്ഞിട്ടുണ്ട്.
ചൈനയുടെ ഹീറോ ആണ് ഫാറൂഖ് അബ്ദുല്ലയെന്ന് ബി.ജെ.പി വക്താവ് സംബിത് പത്ര പറഞ്ഞു. ഒരു സിറ്റിങ് എം.പിയും മുൻമുഖ്യമന്ത്രിയുമാണ് ഇങ്ങനെ പറയുന്നത്.
ജമ്മു-കശ്മീരിലെ മാറ്റങ്ങൾ ആരും അംഗീകരിക്കുന്നില്ലെന്നാണ് ഫാറൂഖ് അബ്ദുല്ല പറഞ്ഞതെന്ന് നാഷനൽ കോൺഫറൻസ് വിശദീകരിച്ചു. ചൈനയുടെ പിന്തുണയോടെ മാത്രമേ പ്രത്യേകപദവി പുനഃസ്ഥാപിക്കാൻ കഴിയൂ എന്ന് പറഞ്ഞിട്ടില്ല. അതിർത്തി നിയന്ത്രണരേഖയിലെ ചൈനയുടെ പ്രകോപനത്തെ ന്യായീകരിച്ചിട്ടില്ലെന്ന് പാർട്ടി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.