ഗീതാ പ്രസിന് ഗാന്ധി പുരസ്കാരം നൽകിയത് വിവാദത്തിൽ
text_fieldsന്യൂഡൽഹി: ഹിന്ദി ഭാഷയിൽ ഹിന്ദുത്വ പ്രചാരണത്തിന് തുടക്കം കുറിച്ച ഗൊരഖ്പുർ ആസ്ഥാനമായുള്ള ഗീതാ പ്രസിന് ഗാന്ധി സമാധാന പുരസ്കാരം നൽകിയ കേന്ദ്ര സാംസ്കാരിക മന്ത്രാലയ തീരുമാനം വിവാദത്തിൽ. ഗാന്ധി ഘാതകനായ നാഥുറാം ഗോദ്സേക്കും ഹിന്ദുത്വ താത്ത്വികാചാര്യനായ വി.ഡി. സവർക്കർക്കും പുരസ്കാരം നൽകുന്നതിന് തുല്യമാണ് ഗീതാ പ്രസിനുള്ള പുരസ്കാരമെന്ന് കോൺഗ്രസ് വിമർശിച്ചു.
എന്നാൽ, മുസ്ലിം ലീഗിനെ മതേതര സംഘടനയായി കണക്കാക്കുന്നവർക്കല്ലാതെ മറ്റാർക്കും ഗീതാ പ്രസിന് പുരസ്കാരം നൽകുന്നതിൽ എതിർപ്പില്ലെന്നായിരുന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ പരാമർശം. ഗാന്ധിയുടെ ആശയത്തിന് വിരുദ്ധമായി പുസ്തകം പ്രസിദ്ധീകരിക്കുകയും ഗാന്ധി വധത്തിൽ മൗനം പാലിക്കുകയും ചെയ്തവർക്കാണ് ഗാന്ധിയുടെ പേരിലുള്ള സമാധാനത്തിനുള്ള പുരസ്കാരം നൽകുന്നതെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് ട്വിറ്ററിൽ കുറിച്ചു.
ഗീതാ പ്രസിന്റെ ഭഗീരഥ പ്രവർത്തനങ്ങൾക്കുള്ള ബഹുമതിയായാണ് പുരസ്കാരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഇന്ത്യയുടെ മഹത്തായ പുരാതന, സനാതന സംസ്കാരവും അടിസ്ഥാന ഗ്രന്ഥങ്ങളും ഇന്ന് എളുപ്പത്തിൽ വായിക്കാൻ കഴിയുന്നുണ്ടെങ്കിൽ, ഗീതാ പ്രസിന് അതിൽ കാര്യമായ സംഭാവനയുണ്ട്.
100 വർഷത്തിലേറെയായി, രാമചരിത മാനസ് മുതൽ ഭഗവദ്ഗീത വരെയുള്ള നിരവധി പുണ്യഗ്രന്ഥങ്ങൾ നിസ്വാർഥമായി ജനങ്ങളിലേക്കെത്തിക്കുക എന്ന മഹത്തായ പ്രവർത്തനമാണ് ഗീതാ പ്രസ് ചെയ്യുന്നതെന്നും അമിത് ഷാ ട്വിറ്ററിൽ വിശദീകരിച്ചു.
വിവാദത്തിനുപിന്നാലെ, ഗാന്ധി സമാധാന പുരസ്കാരത്തുകയായ ഒരു കോടി രൂപ സ്വീകരിക്കില്ലെന്നും പുരസ്കാരത്തിന്റെ ഭാഗമായ ഫലകം മാത്രമേ സ്വീകരിക്കൂവെന്നും ഗീതാ പ്രസ് അറിയിച്ചു. സമ്മാനത്തുക ആര്‍ക്ക് നൽകണമെന്ന് കേന്ദ്ര സര്‍ക്കാറിന് തീരുമാനിക്കാമെന്നും ഗീതാ പ്രസ് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.