പരശുരാമ പ്രതിമയെ ചൊല്ലി തർക്കം; കർണാടകയിൽ ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
text_fieldsബംഗളൂരു: കർണാടകയിലെ കർക്കളക്കടുത്തുള്ള ബൈലൂരിൽ നിർമിച്ച പരശുരാമന്‍റെ പ്രതിമയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പരശുരാമ തീം പാർക്കിൽ പരശുരാമന്‍റെ പ്രതിമ സ്ഥാപിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾ സംസ്ഥാനമാകെ ചർച്ചയായിരുന്നു. വെങ്കലം കൊണ്ടുള്ള പ്രതിമ സ്ഥാപിക്കുമെന്ന വ്യാജേനെ ഫൈബർ പ്രതിമയാണ് സ്ഥാപിച്ചതെന്നായിരുന്നു ആരോപണം.
പ്രതിമയുടെ ആധികാരിതയെ ചോദ്യം ചെയ്യുകയും, സംരക്ഷണ മൂടി മാറ്റുകയും, തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കോൺഗ്രസിനെതിരെ കേസ് എടുത്തത്. അതേസമയം പ്രതിമ നിർമിച്ചത് വെങ്കലത്തിൽ ആണെന്ന് ഉറപ്പുവരുത്താൻ നടത്തിയ ശ്രമങ്ങളിൽ പൊതുസ്വത്തിന് കേടുപാടുകൾ വരുത്തിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും കുറ്റം ചുമത്തിയാണ് ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ് എടുത്തത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് വിവാദം ഉടലെടുത്തത്. ഇത് രാഷ്ട്രീയ തലപര്യങ്ങൾക്കുവേണ്ടിയാണെന്ന് ആരോപണമുയർന്നിരുന്നു. പണി പൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിമ നീക്കം ചെയ്തിരുന്നു. മുഗൾ ഭാഗം മാത്രം വെങ്കലം കൊണ്ടും ബാക്കി മറ്റു സാമഗ്രികൾ കൊണ്ടുമാണ് നിർമിച്ചതെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു.
'പരശുരാമ പ്രതിമ നിർമിക്കുന്നതിൽ ഞങ്ങൾ എതിരല്ല. എന്നാൽ ജനങ്ങൾക്ക് പ്രതിമയുടെ വസ്തുതയുമായി ബന്ധപ്പെട്ട് സംശയങ്ങളുണ്ട്. അത് പരിശോധിക്കേണ്ടതാണ്. വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെങ്കിൽ അതിനുത്തരവാദികൾ തീർച്ചയായും നിയമനടപടികൾക്ക് വിധേയമാക്കപ്പെടേണ്ടതുണ്ട്-' കോൺഗ്രസ്സ് പാർട്ടി നേതാവ് ശുബ്ധ റാവു പറഞ്ഞു.
അതേസമയം പരശുരാം പ്രതിമ വ്യാജമല്ലെന്നും പ്രതിമ നിർമിച്ചിരിക്കുന്നത് മുഴുവനായും വെങ്കലത്തിലാണെന്നും കർക്കള എം.എൽ.എ വി. സുനിൽ കുമാർ പറഞ്ഞു. പൊതു സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രതിമയുടെ ചില ഭാഗങ്ങളിൽ അറ്റകുറ്റ പണികളുണ്ട്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ വിഷയത്തെ രാഷ്ട്രീയവത്കരിക്കാനും ഇടയുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.