മതം മാറ്റം ജാമ്യമില്ലാ കുറ്റം; കരട് രൂപം നിയമസഭയിൽ അവതരിപ്പിക്കാനൊരുങ്ങി ഛത്തീസ്ഗഢ് സർക്കാർ
text_fieldsറായ്പൂർ: വ്യവസ്ഥകൾക്ക് അനുസൃതമല്ലാതെ നടക്കുന്ന മതം മാറ്റം ജാമ്യമില്ലാ കുറ്റമാക്കി ഛത്തീസ്ഗഢ്. 10 വർഷം വരെ കഠിന തടവ് ലഭിച്ചേക്കാവുന്ന നിയമത്തിന്റെ കരട് രൂപം നിയമസഭയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ. കഴിഞ്ഞ ദിവസം ക്രിസ്ത്യൻ മിഷനറിമാർക്ക് കീഴിൽ വ്യാപകമായി മതം മാറ്റം നടക്കുന്നുണ്ടെന്നും ഉടൻ ഇത് നിർത്തലാക്കുമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിഷ്ണുദേവ് യാസ് രംഗത്തെത്തിയിരുന്നു.
പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരെ മതം മാറ്റുന്നവർക്ക് 2 മുതൽ 10 വർഷം വരെ തടവ് ലഭിച്ചേക്കും. 25000 രൂപയാണ് പിഴ. കൂട്ടമായുള്ള മതം മാറ്റത്തിന് 50000 രൂപ പിഴയും ഒന്ന് മുതൽ 10 വർഷം വരെ തടവുമാണ് ശിക്ഷ.
പുതിയ നിയമപ്രകാരം മതം മാറുന്നവർ 60 ദിവസം മുമ്പ് വ്യക്തിവിവരങ്ങൾ കാണിച്ച് അപേക്ഷ നൽകണം. അപേക്ഷയിൽ പൊലീസ് അന്വേഷണവുമുണ്ടാകും. മതം മാറ്റ ചടങ്ങ് അവതരിപ്പിക്കുന്നവർ ഒരു മാസം മുൻപ് അപേക്ഷ സമർപ്പിക്കണം. മതം മാറുന്ന വ്യക്തി മതം മാറ്റത്തിന് ശേഷം 60 ദിവസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ജില്ലാ മമജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകുകയും വേണം.
വ്യവസ്ഥകൾക്ക് അനുസൃതമായല്ല മതം മാറ്റം നടന്നതെന്ന് മജിസ്ട്രേറ്റിന് ബോധ്യപ്പെട്ടാൽ മതം മാറ്റം അസാധുവാക്കും. മതം മാറ്റത്തിന് അംഗീകാരം നൽകുന്നത് വരെ ആ വ്യക്തി നൽകിയ സത്യവാങ്മൂലവും മതം മാറ്റത്തിന്റെ വിവരങ്ങളടങ്ങിയ രജസിറ്ററും സൂക്ഷിക്കും. രക്തബന്ധത്തിൽപ്പെട്ടവർക്കും ദത്തെടുക്കൽ വഴി ബന്ധമുള്ളവർക്കോ മതം മാറ്റത്തെ അതിർക്കാനാകും. ഇത്തരം പരാതികളിൽ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.