മതപരിവർത്തനം ഗൗരവാവഹം; രാഷ്ട്രീയനിറം നൽകരുത് -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മതപരിവർത്തനം ഗൗരവമുള്ള വിഷയമാണെന്നും അതിന് രാഷ്ട്രീയനിറം നൽകരുതെന്നും സുപ്രീംകോടതി. തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള മതപരിവർത്തനങ്ങൾ തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനികുമാർ സമർപ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസുമാരായ എം.ആർ. ഷായും സി.ടി. രവികുമാറുമടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം.
വിഷയത്തിൽ കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിയായി പ്രവർത്തിക്കാൻ അറ്റോണി ജനറൽ ആർ. വെങ്കിട്ടരമണിയോട് കോടതി നിർദേശിച്ചു. മതസ്വാതന്ത്ര്യവും മതപരിവർത്തനങ്ങൾക്കുള്ള സ്വാതന്ത്ര്യവും തമ്മിൽ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മതപരിവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നുണ്ട്. പണവും സമ്മാനങ്ങളും വാഗ്ദാനം ചെയ്തും ചതിയിലൂടെയും ഭീഷണിയിലൂടെയും മതപരിവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് തടയാനെന്താണ് മാർഗമെന്ന് ആലോചിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.
എന്നാൽ, ഹരജി രാഷ്ട്രീയപ്രേരിതമാണെന്ന് തമിഴ്നാട് സർക്കാറിനുവേണ്ടി ഹാജരായ അഡ്വ. വിൽസൻ ചൂണ്ടിക്കാട്ടി. ബലപ്രയോഗത്തിലൂടെയുള്ള മതപരിവർത്തനങ്ങൾ സംസ്ഥാനത്തു നടക്കുന്നില്ലെന്നും ഹരജിക്കാരന് രാഷ്ട്രീയബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതിനെ എതിർത്ത കോടതി, പരാമർശം ഒരു സംസ്ഥാനത്തെ ലക്ഷ്യം വെക്കുന്നതായി കാണരുതെന്ന് പറഞ്ഞു. നിങ്ങളുടെ സംസ്ഥാനത്ത് നടക്കുന്നില്ലെങ്കിൽ നല്ലത്. പക്ഷേ, അതിന് രാഷ്ട്രീയ നിറം നൽകരുതെന്നും കോടതി പറഞ്ഞു.
ഇത്തരം മതപരിവർത്തനങ്ങൾ ദേശീയ താല്പര്യവുമായി ബന്ധപ്പെട്ട വിഷയമാണെന്നും കേന്ദ്രസർക്കാർ ഗൗരവമായാണ് ഇതിനെ കാണുന്നതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.