സംവരണ ആനുകൂല്യത്തിനായുള്ള മതപരിവർത്തനം ഭരണഘടനാ വഞ്ചന -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കേവലം സംവരണ ആനുകൂല്യം നേടുന്നതിനായി, യഥാർഥ വിശ്വാസമില്ലാതെ നടത്തുന്ന മതപരിവർത്തനം സംവരണ നയത്തിന്റെ മൗലിക സാമൂഹിക ലക്ഷ്യങ്ങളെ ഇല്ലാതാക്കുന്നതും ഭരണഘടനയോടുള്ള വഞ്ചനയുമാണെന്നും സുപ്രീംകോടതി.
ക്രിസ്തുമതം സ്വീകരിക്കുകയും പിന്നീട് ഹിന്ദുവാണെന്ന് അവകാശപ്പെടുകയും ചെയ്ത സ്ത്രീക്ക് പട്ടികജാതി സർട്ടിഫിക്കറ്റ് നിഷേധിച്ച ജനുവരി 24 ലെ മദ്രാസ് ഹൈകോടതി വിധി ശരിവെച്ച വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
മതത്തിന്റെ തത്ത്വങ്ങളിൽനിന്ന് ആത്മാർഥമായി പ്രചോദനം ഉൾക്കൊള്ളുമ്പോഴാണ് ഒരാൾ മതപരിവർത്തനം ചെയ്യുന്നത്. സംവരണ ആനുകൂല്യങ്ങൾക്കായി മാത്രമുള്ള മതം മാറ്റം അനുവദനീയമല്ല. ഇത്തരം അവസരവാദ മതപരിവർത്തനം സംവരണ നയങ്ങളുടെ മൗലിക ലക്ഷ്യത്തെ അട്ടിമറിക്കുമെന്നും ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പരാതിക്കാരി ക്രിസ്തുമതം സ്വീകരിക്കുകയും പതിവായി ചർച്ചിൽ പോയി വിശ്വാസം പിന്തുടരുന്നതായും തെളിവുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഹിന്ദുവാണെന്ന് അവകാശപ്പെടുകയും ജോലിക്ക് ലഭിക്കാൻ പട്ടികജാതി സമുദായ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത്തരമൊരു ഇരട്ട അവകാശവാദം അംഗീകരിക്കാനാവില്ല.
ക്രിസ്തുമതം സ്വീകരിച്ച പട്ടികജാതിക്കാരനായ പിതാവിന്റെ മകളായ ഇവർ സംവരണ ആനുകൂല്യങ്ങൾ ലഭിക്കാനാണ് ഹിന്ദുവാണെന്ന് അവകാശപ്പെട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. തന്റെ പിതാവ് ഹിന്ദുവും മാതാവ് ക്രിസ്ത്യാനിയുമായിരുന്നെന്നും രണ്ടുപേരും പിന്നീട് ഹിന്ദുമതം പിന്തുടർന്നെന്നും വല്ലുവൻ വിഭാഗത്തിൽ പെട്ടവരാണെന്നും പരാതിക്കാരി വാദിച്ചു. വിദ്യാഭ്യാസ കാലഘട്ടത്തിൽ, തന്റെ പിതാവിനും സഹോദരനും പട്ടിക ജാതി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്നും അവർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.