ആറ് വർഷമായി ജയിലിൽ, പരോൾ അനുവദിച്ചിട്ടും വേണ്ടെന്ന് യു.പിയിലെ തടവുകാരൻ; കാരണം വിചിത്രം
text_fieldsലഖ്നോ: ആറ് വർഷമായി മീററ്റിലെ ജയിലിൽ കഴിയുന്ന ആശിഷ് കുമാറിന് ഈയിടെയാണ് സർക്കാർ പരോൾ അനുവദിച്ചത്. കോവിഡ് സാഹചര്യത്തിലായിരുന്നു പരോൾ. എന്നാൽ, തനിക്ക് പരോൾ ആവശ്യമില്ലെന്നും ജയിലിൽ തന്നെ കഴിഞ്ഞോളാമെന്നുമാണ് ഇയാൾ അധികൃതരെ അറിയിച്ചിരിക്കുന്നത്. കാരണം തിരക്കിയപ്പോൾ അധികൃതരും അമ്പരന്നു.
യു.പിയിലാകെ കോവിഡ് വ്യാപിക്കുകയാണെന്നും പുറത്തിറങ്ങിയാൽ തനിക്കും രോഗം വരാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ ജയിലിൽ തന്നെ കഴിഞ്ഞോളാമെന്നുമായിരുന്നു ആശിഷ് കുമാറിന്‍റെ നിലപാട്. ഇതോടെ, പരോൾ റദ്ദാക്കിയിരിക്കുകയാണ്.
മീററ്റ്ജയിലിലെ 43 തടവുകാർക്കാണ് എട്ട് ആഴ്ചത്തേക്ക് പരോൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. ആശിഷ് കുമാർ ഒഴികെ മറ്റ് 42 പേരും പരോളിലിറങ്ങി.
അധ്യാപകനായിരുന്ന ആശിഷിനെ ഭാര്യയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കുറ്റത്തിനാണ് ശിക്ഷിച്ചത്. 2015ലാണ് ശിക്ഷ തുടങ്ങിയത്.
തടവുപുള്ളികൾ നിറഞ്ഞ മീററ്റ് ജയിലിൽ നിന്ന് 326 വിചാരണത്തടവുകാർക്കും പരോൾ അനുദിച്ചിട്ടുണ്ട്. യു.പിയിലെ ഒമ്പത് ജയിലുകളിലെ 21 തടവുകാർ തങ്ങൾക്ക് പരോൾ വേണ്ടെന്നും പുറത്തുപോകുന്നതിനെക്കാൾ നല്ലത് ജയിലാണെന്നും എഴുതി നൽകിയിരിക്കുകയാണ്.
ജയിലിൽ കൃത്യമായ ഭക്ഷണം, ആരോഗ്യ പരിശോധനകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയെല്ലാം തടവുകാർക്ക് ലഭിക്കുന്നുണ്ട്. പുറത്തിറങ്ങിയാൽ ഇതൊന്നും ലഭിക്കാത്ത സാഹചര്യമാണ്. ഇതാണ് പലരും പുറത്തുപോകാൻ മടി കാണിക്കുന്നതിന് പിന്നിലെന്ന് ജയിൽ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.