എേങ്ങാട്ടാണീ പോക്ക്? പാചക വാതകത്തിനും കുത്തനെ കൂട്ടി; വർധിപ്പിച്ചത് സിലിണ്ടറിന് 265 രൂപ
text_fieldsന്യൂഡൽഹി: പെട്രോൾ ഡീസൽ വിലവർധനക്ക് പിന്നാലെ ഇരുട്ടടിയായി പാചക വാതകത്തിനും കുത്തനെ വിലകൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിനാണ് 265 രൂപ കൂട്ടിയത്. ഡൽഹിയിൽ വാണിജ്യ സിലിണ്ടറിനു 2000 രൂപ കടന്നു. ചെന്നൈയിൽ 2,133 രൂപയായി. കേരളത്തിൽ 1994 രൂപയാണ് ഒരു സിലിണ്ടറിന്റെ വില. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.
രാജ്യത്ത് ഇന്ന് ഇന്ധനവിലയും കൂട്ടിയിരുന്നു. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോൾ വില 110 രൂപ 70 പൈസയും ഡീസലിന് 104 രൂപ 13 പൈസയുമായി. തുടർച്ചയായ അഞ്ചാമത്തെ ദിനമാണ് എണ്ണക്കമ്പനികളുടെ ജനദ്രോഹ നടപടി.
ഈ വർഷം ജനുവരി ഒന്നുമുതൽ തിങ്കളാഴ്ച 11ാം മാസം പിറക്കുേമ്പാൾ വരെ പെട്രോൾ ഒരു ലിറ്ററിന് എണ്ണക്കമ്പനികൾ കൂട്ടിയത് 25.83 രൂപ. ഡീസലിന് വർധിപ്പിച്ചത് 25.66 രൂപയും. ജനുവരി ഒന്നിന് ഒരു ലിറ്റർ പെട്രോളിന് 85.72 രൂപയായിരുന്നു.
ഡീസൽ വില 79.65 രൂപയും. തിങ്കളാഴ്ച തിരുവനന്തപുരത്ത് പെട്രോൾ 112.03, ഡീസൽ 105.79 എന്നീ നിരക്കിലേക്കെത്തി. ഇതോടെ സംസ്ഥാനത്ത് 11 മാസം കൊണ്ട് പെട്രോളിന് 22.14 ശതമാനം വിലകൂടി. ഡീസൽ 32.21 ശതമാനവും. തിങ്കളാഴ്ച എറണാകുളത്ത് 110.16, 104.04, കോഴിക്കോട് 110.26, 104.16 എന്നിങ്ങനെയാണ് യഥാക്രമം പെട്രോൾ, ഡീസൽ വില.
സ്കൂളുകളിലേക്ക് വിദ്യാർഥികളെ അയക്കാൻ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്ന രക്ഷിതാക്കൾ യാത്രാ ചെലവിന് മുമ്പ് നൽകിയതിെൻറ ഇരട്ടി തുക നൽകേണ്ടി വരും. സ്കൂൾ ബസ് 10 കിലോമീറ്റർ യാത്രക്ക് 800 രൂപ നൽകിയവർക്ക് ഇപ്പോൾ സ്കൂളുകളിൽനിന്ന് അറിയിപ്പ് ലഭിച്ചത് 1500 രൂപ പ്രതിമാസം നൽകാനാണ്. ആഴ്ചയിൽ മൂന്നുദിവസത്തെ മാത്രം അധ്യയനത്തിനാണ് ഈ ചാർജ്. പലയിടത്തും 2000 രൂപ വരെ ഇങ്ങനെ നൽകേണ്ടി വരുന്നു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സ്കൂൾ ബസിൽ രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഒരാൾ എന്ന നിലയിലാണ് വിദ്യാർഥികളെ കയറ്റുകയെന്നാണ് അറിയിപ്പ്. സ്കൂൾ സർവിസ് നടത്തുന്ന ഓട്ടോ, ടെേമ്പാ ട്രാവലർ എന്നിവക്കെല്ലാം ഇതേ അനുപാതത്തിൽ യാത്ര നിരക്ക് കൂട്ടിയിട്ടുണ്ട്.
അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില നിലവിൽ വീപ്പക്ക് 83.72 ഡോളർ എന്ന നിലയിലാണ്. കഴിഞ്ഞ ആഴ്ച 86 ഡോളർ വരെ വില ഉയർന്നെങ്കിലും അമേരിക്കയിൽ എണ്ണ സ്റ്റോക്ക് ഉയർന്നെന്ന വാർത്തകളെ തുടർന്ന് കുറയുകയായിരുന്നു. എണ്ണയുൽപാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് ഈയാഴ്ച യോഗം ചേരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.