ഒന്നര ലക്ഷം രൂപയുടെ ഫോൺ കളഞ്ഞുകിട്ടി; പൊലീസിനെ ഏൽപ്പിച്ച് മാതൃകയായി റെയിൽവേ പോട്ടർ
text_fieldsകളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ തിരിച്ചേൽപ്പിച്ച് മാതൃകയായി മുംബൈ സ്വദേശിയായ റെയിൽവേ പോട്ടർ. 30 വർഷമായി മുംബൈ ദാദർ റെയിൽവേ സ്റ്റേഷനിൽ ചുമട്ടുതൊഴിലാളിയായ ദശരഥ് ആണ് ഒന്നര ലക്ഷം വിലവരുന്ന ഫോൺ പൊലീസിൽ ഏൽപ്പിച്ചത്. റെയിൽവേ സ്റ്റേഷനിലെ ഇരിപ്പിടത്തിൽനിന്ന് കളഞ്ഞുകിട്ടിയ സ്മാർട്ഫോൺ ഇദ്ദേഹം റെയിൽവേ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി 11:40 ഓടെ ദാദറിലെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിൽ ദീർഘദൂര ട്രെയിനുകളിലേക്ക് യാത്രക്കാരുടെ ലഗേജുകൾ കൊണ്ടുപോകുന്നതിനിടെയാണ് ദശരഥ് ഫോൺ കണ്ടത്. ഇരിപ്പിടത്തിൽ ഫോൺ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയാൾ അതെടുത്തു. സമീപത്ത് ഇരുന്ന യാത്രക്കാരോട് ഇത് തങ്ങളുടേതാണോ എന്ന് ചോദിച്ചെങ്കിലും അല്ലെന്ന് എല്ലാവരും പറഞ്ഞു. അദ്ദേഹം ഉടൻ തന്നെ ഫോൺ സ്റ്റേഷനിലെ റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു.
പൊലീസ് അന്വേഷണത്തിൽ ഫോൺ ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന്‍റെ സഹായിയുടേതാണെന്ന് ബോധ്യമായത്. ഫോൺ ബച്ചന്റെ വിശ്വസ്തനായ മേക്കപ്പ് ആർട്ടിസ്റ്റായ ദീപക് സാവന്തിന്റെതായിരുന്നു. ഫോൺ തിരിച്ചേൽപ്പിച്ച് അൽപ്പസമയത്തിനകം പൊലീസ് ഉദ്യോഗസ്ഥർ തന്നെ ദശരഥിനെ വിളിച്ച് ഫോണിന്‍റെ ഉടമയെ കണ്ടെത്തിയതായി അറിയിച്ചു. ഫോൺ ദശരഥിനെക്കൊണ്ടുതന്നെ സാവന്തിന് തിരിച്ചു നൽകിക്കുകയും ചെയ്തു.
ഫോൺ തിരിച്ചേൽപ്പിച്ച ദശരഥിനെ സാവന്ത് നന്ദി അറിയിച്ചു. കൂടാതെ പാരിതോഷികമായി ആയിരം രൂപ നൽകുകയും ചെയ്തു. ഫോൺ കൈയിൽ കിട്ടുമ്പോൾ അത് ഒന്നര ലക്ഷം രൂപയുടെ മുന്തിയ മോഡലാണെന്ന കാര്യം അറിയില്ലായിരുന്നെന്ന് ദശരഥ് പറയുന്നു. ദശരഥിന് ദിവസം ലഭിക്കുന്നത് തുച്ഛമായ 300 രൂപ കൂലിയാണ്. എന്നിട്ടും വിലപിടിച്ച ഫോൺ തിരിച്ചേൽപ്പിച്ചതിന് ഇയാളെ അഭിനന്ദിച്ച് ധാരാളംപേർ രംഗത്ത് എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.