നൈജീരിയയുമായി സഹകരണം ശക്തമാക്കും -പ്രധാനമന്ത്രി
text_fieldsഅബൂജ: പ്രതിരോധം, ഊർജോൽപാദനം, വ്യാപാരം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ നൈജീരിയയുമായി സഹകരണത്തിന് ഇന്ത്യ മുൻഗണന നൽകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി നൈജീരിയൻ തലസ്ഥാനമായ അബുജയിലെത്തിയ അദ്ദേഹം പ്രസിഡന്റ് ബോല അഹ്മദ് തിനുബുവുമായുള്ള കൂടിക്കാഴ്ചയിലാണ് പങ്കാളിത്തം വിപുലീകരിക്കാൻ സന്നദ്ധത അറിയിച്ചത്.
ഭീകരവാദം, വിഘടനവാദം, കടൽക്കൊള്ള, മയക്കുമരുന്ന് കടത്ത് എന്നിവയാണ് ഇരുരാജ്യങ്ങളും നേരിടുന്ന പ്രധാന ഭീഷണികളെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇവക്കെതിരെ ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. 60,000ഓളം വരുന്ന നൈജീരിയയിലെ ഇന്ത്യൻ പ്രവാസി സമൂഹം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിൽ മികച്ച സംഭാവനയാണ് നൽകുന്നത്. കഴിഞ്ഞമാസമുണ്ടായ പ്രളയ ദുരിതാശ്വാസത്തിനായി 20 ടൺ സാധനങ്ങൾ ഇന്ത്യ നൈജീരിയയിലേക്ക് അയക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
17 വർഷത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ നൈജീരിയൻ സന്ദർശനമാണിത്. രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ പുരസ്കാരം നരേന്ദ്ര മോദിക്ക് നൈജീരിയൻ പ്രസിഡന്റ് ബോല അഹ്മദ് തിനുബു സമ്മാനിച്ചു. 1969ൽ എലിസബത്ത് രാജ്ഞിക്കുശേഷം ഈ ബഹുമതി ലഭിക്കുന്ന ആദ്യ വിദേശ ഭരണാധികാരിയാണ് മോദി.
ഞായറാഴ്ച വിമാനമിറങ്ങിയ മോദിയെ പ്രതീകാത്മകമായി അബൂജ നഗരത്തിന്റെ താക്കോൽ നൽകിയാണ് സ്വീകരിച്ചത്. ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞ മോദി സ്വീകരണ ചടങ്ങിന്റെയും കൂടിക്കാഴ്ചയുടെയും ചിത്രങ്ങൾ ‘എക്സി’ൽ പങ്കുവെച്ചു. അഞ്ചുദിവസം നീളുന്ന നൈജീരിയ, ബ്രസീൽ, ഗയാന സന്ദർശനത്തിനാണ് മോദി ശനിയാഴ്ച ഡൽഹിയിൽനിന്ന് യാത്രതിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.