മതസംഘടനകളുമായി സഹകരണം: സമ്മേളനത്തിൽ തർക്കം
text_fieldsഉദയ്പുർ (രാജസ്ഥാൻ): ബി.ജെ.പിയെ ചെറുക്കാൻ മതസംഘടനകളുമായി സഹകരിക്കണമെന്ന നിർദേശത്തെ ചൊല്ലി നവസങ്കൽപ് ശിബിരത്തിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ വാക്കുതർക്കം. രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെയും നേതാക്കളാണ് ചേരി തിരിഞ്ഞത്.
ഇതോടെ വിഷയം ഞായറാഴ്ച ചേരുന്ന പ്രവർത്തകസമിതിയുടെ തീർപ്പിനു വിട്ടു. കോൺഗ്രസിന്‍റെ ബഹുജന ബന്ധവും അടിത്തറയും വർധിപ്പിക്കുന്നതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യുമ്പോഴാണ് തർക്കത്തിനിടയാക്കിയ നിർദേശം ഉയർന്നത്. സാംസ്കാരിക, സന്നദ്ധ, സാമുദായിക സംഘടനകളുമായി കോൺഗ്രസ് സഹകരിച്ചും പിന്തുണ നേടിയും മുന്നോട്ടുപോകണമെന്നാണ് സമിതിയിലെ വടക്കൻ സംസ്ഥാന നേതാക്കൾ നിർദേശം വെച്ചത്.
മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന കോൺഗ്രസിന് മതസംഘടനകളുമായി സഹകരിച്ചുപോകാൻ കഴിയില്ലെന്ന് ദക്ഷിണേന്ത്യൻ നേതാക്കൾ പറഞ്ഞു. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയം വിഴുങ്ങിയ വടക്കേ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ മതസംഘടനകളുടെ സഹകരണം കോൺഗ്രസ് തേടുന്നതിൽ എന്താണ് തെറ്റെന്ന വാദമാണ് അവരെ നേരിട്ടവർ ഉയർത്തിയത്. ഇത് വലിയ വാക്കുതർക്കത്തിന് ഇടയാക്കി. ഇതോടെ ഉപസമിതിയെ നയിച്ച മല്ലികാർജുൻ ഖാർഗെ വിഷയം പ്രവർത്തക സമിതിയുടെ തീർപ്പിന് വിടാമെന്ന് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.