കശ്മീരിൽ ഭീകരാക്രമണം: എട്ട് ജവാന്മാർ കൊല്ലപ്പെട്ടു
text_fields
ശ്രീനഗർ: ദക്ഷിണ കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയുടെ ക്യാമ്പിനുനേരെ ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ എട്ട് ജവാന്മാർ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ മൂന്ന് ഭീകരരെയും സൈന്യം പ്രത്യാക്രമണത്തിൽ വധിച്ചു. നാല് സി.ആർ.പി.എഫ് ജവാന്മാരും നാല് സ്പെഷൽ പൊലീസ് ഒാഫിസർമാരുമാണ് മരിച്ചതെന്ന് ലഫ്.ജനറൽ ജെ.എസ്. സന്ധു അറിയിച്ചു. കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാന്മാരിൽ ജസ്വന്ത് സിങ്, ധനവാതെ രവീന്ദർ എന്നിവരെ തിരിച്ചറിഞ്ഞു.
സൈനിക നടപടിക്കൊടുവിൽ, ഭീകരർ സ്ഥാപിച്ച സ്ഫോടകവസ്തു നിർവീര്യമാക്കുേമ്പാഴാണ് ഇവർ കൊല്ലപ്പെട്ടത്. നൂറിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയും കുടുംബങ്ങളെയും മണിക്കൂറുകളോളം ഭീതിയുടെ മുൾമുനയിൽ നിർത്തിയ ആക്രമണമാണ് ശനിയാഴ്ച പുലർച്ച 4.30ഒാടെ നടന്നത്. ഉദ്യോഗസ്ഥരും കുടുംബങ്ങളും താമസിക്കുന്ന കെട്ടിടസമുച്ചയത്തിനകത്തു കടന്ന് ഭീകരർ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. ഗ്രനേഡുകളടക്കമുള്ള സ്ഫോടകവസ്തുക്കളും വർഷിച്ചു.
ഭീകരസംഘടനയായ ജയ്ശെ മുഹമ്മദാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കുടുംബങ്ങളെ അതിസാഹസികമായി ഒഴിപ്പിച്ചേശഷമാണ് ഭീകരർക്കെതിരെ സൈനിക നടപടി തുടങ്ങിയത്. കുടുംബങ്ങളെ ബന്ദികളാക്കുന്നത് തടയാൻ കനത്ത സന്നാഹമേർപ്പെടുത്തിയിരുന്നു. സൈന്യവും ഭീകരരും തമ്മിൽ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ നടന്നു. വൈകീട്ടാണ് ക്യാമ്പ് വീണ്ടെടുക്കാനായത്. രണ്ട് ഭീകരരുടെ മൃതദേഹം കണ്ടെടുത്തു. ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടില്ല.
സി.ആർ.പി.എഫിനുപുറമെ കശ്മീർ പൊലീസിലെ ഉദ്യോഗസ്ഥരും കുടുംബങ്ങളുമാണ് പുൽവാമയിലെ ജില്ല പൊലീസ് ലെയ്നിൽ താമസിക്കുന്നത്. കഴിഞ്ഞവർഷം െസപ്റ്റംബർ 18ന് നിയന്ത്രണരേഖക്കുസമീപമുള്ള സൈനികക്യാമ്പ് ആക്രമിച്ച് ഭീകരർ 18 സൈനികരെ കൊലപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.