ശ്രീനഗറിൽ ലശ്കർ കമാൻഡർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; നാല് സുരക്ഷ സേനക്കാർക്ക് പരിക്ക്
text_fieldsശ്രീനഗർ: താഴ്വരയിൽ വർഷങ്ങളായി സജീവമായിരുന്ന ലശ്കറെ ത്വയിബ കമാൻഡർ ശ്രീനഗറിലെ ഖന്യാർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉസ്മാൻ എന്ന് പേരുള്ള ഇയാൾ പാകിസ്താനിയാണ്. സംഭവത്തിൽ നാല് സുരക്ഷ സേനക്കാർക്ക് പരിക്കുണ്ട്. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ജനം തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് സേന തെരച്ചിലിനെത്തിയത്. ഇത് പിന്നീട് ഏറ്റുമുട്ടലായി.
തീവ്രവാദികൾ തമ്പടിച്ച വീടിന് ഏറ്റുമുട്ടലിനിടെ തീപിടിച്ചു. സി.ആർ.പി.എഫിലെ രണ്ടു ജവാന്മാർക്കും രണ്ടു പൊലീസുകാർക്കുമാണ് പരിക്കേറ്റത്. ഇവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. 2023 ഒക്ടോബറിൽ ഇൻസ്പെക്ടർ മസ്റൂർ വാനിയെ വധിച്ചതുൾപ്പെടെ നിരവധി സംഭവങ്ങളിൽ പങ്കുള്ളയാളാണ് കൊല്ലപ്പെട്ട ഉസ്മാനെന്ന് അധികൃതർ പറഞ്ഞു. ലശ്കറുമായി ബന്ധമുള്ള ‘ദ റെസിസ്റ്റൻസ് ഫ്രണ്ട്’ എന്ന സംഘടനയുടെ പാകിസ്താനിലുള്ള കമാൻഡർ സജാദ് ഗുല്ലിന്റെ അടുത്തയാളാണ് ഉസ്മാനെന്നും അവർ കൂട്ടിച്ചേർത്തു.
അതിനിടെ, അനന്ത്നാഗ് ജില്ലയിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഹൽകൻ ഗലി മേഖലയിലായിരുന്നു സംഭവം. കൊല്ലപ്പെട്ടവരിൽ ഒരാൾ വിദേശ പൗരനാണ്. എന്നാൽ, ഏതു സംഘടനയുമായി ബന്ധമുള്ളവരാണെന്നത് വ്യക്തമായിട്ടില്ല. മേഖലയിൽ തിരച്ചിൽ വൈകിയും തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.