ബാഗേജിൽ കൊപ്ര; യാത്രക്കാരിയുടെ ബാഗ് വിമാനത്താവളത്തിൽ തടഞ്ഞു
text_fieldsബംഗളൂരു: ചെക് ഇൻ ബാഗേജിൽ കൊപ്ര കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരിയുടെ ബാഗ് ബംഗളൂരു വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞുവെച്ചു.
കൊപ്ര നിരോധിത വസ്തുവാണെന്ന് അറിയാതെ ബാഗിൽ കരുതിയ ഉത്തരാഖണ്ഡ് സ്വദേശിനിയാണ് വെട്ടിലായത്. എയർ ഇന്ത്യ വിമാനത്തിൽ ബംഗളൂരുവിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട അഷ്ത ചൗധരി വിമാനമിറങ്ങിയിട്ടും ലഗേജ് ലഭിക്കാതായതോടെ അന്വേഷിച്ചപ്പോഴാണ് ബംഗളൂരുവിൽ തടഞ്ഞുവെച്ച വിവരമറിയുന്നത്.
ബന്ധുവീട്ടിലെ വിവാഹത്തിനായി കരുതിയ വസ്ത്രങ്ങളടക്കമുള്ള പലതും ലഗേജിലായിരുന്നെന്നും വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട പൂജക്കായാണ് നാല് കൊപ്ര ബാഗിൽ കരുതിയതെന്നും അഷ്ത പറഞ്ഞു. അറിവില്ലായ്മകൊണ്ട് ലഗേജിൽ ഇത്തരം ഉൽപന്നങ്ങൾ ഉൾെപ്പട്ടിട്ടുണ്ടെങ്കിൽ യഥാസമയം യാത്രക്കാരെ അറിയിച്ചാൽ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂവെന്ന് അവർ ചൂണ്ടിക്കാട്ടി.
സിഗററ്റ് ലൈറ്റർ, തീപ്പെട്ടി, പടക്കം തുടങ്ങി തീപിടിത്തത്തിന് ഏറെ സാധ്യതയുള്ള വസ്തുക്കളുടെ പട്ടികയിലാണ് കൊപ്രയുമുള്ളത് എന്നതിനാലാണ് നിരോധനമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര വ്യോമയാത്ര അസോസിയേഷൻ (അയാട്ട) അപകടകരമായ വസ്തുക്കളുടെ നിയന്ത്രണങ്ങൾക്കായി പുറത്തിറക്കിയ മാർഗനിർദേശത്തിൽ സ്വയം ചൂടാവാനുള്ള പ്രവണതയുള്ള വസ്തുക്കളുടെ ക്ലാസ് 4.2 ഗണത്തിലാണ് കൊപ്രയെയും ഉൾപ്പെടുത്തിയിരിക്കുന്നത്.
30 മുതൽ 40 ശതമാനം വരെയാണ് കൊപ്രയിലടങ്ങിയ വെളിച്ചെണ്ണയുടെ തോത്. ഇത്തരം വസ്തുക്കൾ ചെക് ഇൻ ലഗേജിലോ കൈവശമുള്ള ബാഗിലോ സൂക്ഷിക്കാൻ പാടില്ല. എന്നാൽ, കൊപ്ര പോലുള്ളവ നിശ്ചിത അളവിൽ മതിയായ പാക്കിങ്ങോടെ കാർഗോയിൽ അയക്കാൻ അനുമതിയുണ്ട്.
എന്നാൽ, ചെറിയ കഷണങ്ങളാക്കിയ തേങ്ങ ചെക് ഇൻ ബാഗേജിൽ ഉൾപ്പെടുത്താം. പല യാത്രക്കാർക്കും ഇക്കാര്യം അറിയാതെ മുമ്പും വിമാനയാത്രയിൽ പ്രയാസം നേരിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.