മാതാപിതാക്കൾ ഉപേക്ഷിച്ചു; നവജാതശിശുവിന് പൊലീസുകാർ തുണയായി
text_fieldsമുംബൈ: മുംബൈയിൽ മാതാപിതാക്കൾ ഉപേക്ഷിച്ച നവജാതശിശുവിനെ ഏറ്റെടുത്ത് പൊലീസുകാർ. എം.എച്ച്.ബി കോളനി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ ആണ് മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ ഏറ്റെടുത്തത്. സെപ്റ്റംബർ അഞ്ചിന് ശിവജി നഗറിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിന് സമീപമാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ 'എം.എച്ച്.ബി കി ബേട്ടി' (എം.എച്ച്.ബിയുടെ മകൾ) എന്ന് തങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന കുഞ്ഞിന്‍റെ ഭാവി സുരക്ഷിതമാക്കാൻ ശ്രമിക്കുകയാണ് പൊലീസുകാരിപ്പോൾ.
ഓട്ടോറിക്ഷാ സ്റ്റാൻഡിന് സമീപം കുഞ്ഞിന്‍റെ കരച്ചിൽ കേട്ട ബേക്കറി ഉടമ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എം.എച്ച്.ബി പൊലീസ് സ്ഥലത്തെത്തി. തിരച്ചിലിൽ വെള്ള ടവ്വലിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ ബാബ അംബേദ്ക്കർ ആശുപത്രിയിൽ എത്തിച്ചു. കുട്ടി ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
എന്നാൽ പിന്നീട് കുഞ്ഞിനെ പൊലീസുകാർ ഏറ്റടുക്കുകയായിരുന്നു. തങ്ങളുടെ മകൾക്ക് വിദ്യാഭ്യാസവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാൻ ശ്രമിക്കുകയാണ് അവർ. പൊലീസുകാർ ദിവസവും ആശുപത്രിയിൽ എത്തുകയും കുട്ടിയെ കാണുകയും ചെയ്യുന്നു. അസി. ഇൻസ്പെക്ടർ സൂര്യകാന്ത് പവാറാണ് കുഞ്ഞിന്‍റെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുത്തിരിക്കുന്നത്. കുഞ്ഞിന്‍റെ സുരക്ഷിതമായ ഭാവിക്കായി മറ്റ് ആളുകളിൽ നിന്ന് പണം ശേഖരിക്കുകയും ചെയ്യുന്നുണ്ട്. ഭാവിയിൽ അവൾക്ക് പണത്തിനായി ബുദ്ധുമുട്ടേണ്ടിവരില്ലെന്നും പൊലീസുകാർ പറയുന്നു.
ഞങ്ങളവൾക്ക് 'എം.എച്ച്.ബി കി ബേട്ടി' എന്നാണ് പേരിട്ടിരിക്കുന്നത്. അവളിപ്പോൾ ഞങ്ങളുടെ കുടുംബമാണ്. അവൾക്ക് അവളുടെ അമ്മയെ ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയമാണിത്. അതുകൊണ്ട് തന്നെ അവളുടെ മാതാപിതാക്കളോട് അവളെ സ്വീകരിക്കാൻ മുന്നോട്ടുവരാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം വാട്സ് ആപ്പിലെ കമ്മ്യൂണിറ്റി ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നും എം.എച്ച്.ബി പൊലീസ് സ്റ്റേഷനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, കുഞ്ഞിനെ ഉപേക്ഷിച്ചതിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 317 പ്രകാരം മാതാപിതാക്കൾക്കെതിശര കേസ് എടുത്തിട്ടുണ്ട്. മാതാപിതാക്കളെ തിരിച്ചറിയാനായി സമീപത്തെ സി.സി.ടി.വി പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.