ബാബാ സിദ്ദീഖി വധം: നാലാം പ്രതിയെ യു.പിയിൽനിന്ന് അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്
text_fieldsമുംബൈ: എൻ.സി.പി നേതാവ് ബാബാ സിദ്ദീഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബഹ്റെയ്ച്ചിൽനിന്നുള്ള ഹരിഷ്കുമാർ ബാലക്രം (23) എന്നയാളെയാണ് അവിടെയെത്തി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്ന നാലാമത്തെ പ്രതിയാണ് ഇയാൾ. മഹാരാഷ്ട്രയിലെ പുണെയിൽ ആക്രിക്കച്ചവടം നടത്തുകയായിരുന്ന പ്രതിക്ക് ബാബാ സിദ്ദീഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുള്ളതായി അധികൃതർ വ്യക്തമാക്കി.
സിദ്ദീഖിക്കു നേരെ വെടിയുതിർത്ത ഹരിയാന സ്വദേശി ഗുർമയ്‍ൽ ബാൽജിത് സിങ് (23), യു.പിയിൽനിന്നുള്ള ധർമരാജ് രാജേഷ് കശ്യപ് (19) എന്നിവരും ഗൂഢാലോചനയിൽ പങ്കാളിയായ പുണെ സ്വദേശി പ്രവീൺ ലോങ്കർ എന്നിവരാണ് നേരത്തെ പിടിയിലായത്. ബഹ്റെയ്ച്ചിൽനിന്നുതന്നെയുള്ള ശിവകുമാർ ഗൗതത്തിനു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
66കാരനായ ബാബ സിദ്ദീഖിക്ക് ബാന്ദ്രയിൽ മകൻ സീഷൻ സിദ്ദിഖിയുടെ ഓഫിസിന് പുറത്തുവെച്ച് ശനിയാഴ്ച രാത്രിയാണ് വെടിയേറ്റത്. ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള അടുപ്പമാണ് എൻ.സി.പി നേതാവിന്‍റെ കൊലയ്ക്ക് കാരണമെന്ന് ബിഷ്ണോയി സംഘാംഗമെന്ന് കരുതുന്നയാളുടെ സമൂഹമാധ്യമ അക്കൗണ്ടിൽ കുറിപ്പു വന്നിരുന്നു. സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായി മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ബാബാ സിദ്ദീഖി കൊല്ലപ്പെട്ടത്. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ സിദ്ദീഖിയെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വെടിയുണ്ട നെഞ്ചിലും രണ്ടു വെടിയുണ്ടകൾ വയറ്റിലുമാണ് തറച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.