ഗുർമീതിന്‍റെ ആശ്രമത്തിൽ പൊലീസ് പരിശോധന; സിർസയിൽ നിരോധനാജ്ഞ
text_fieldsചണ്ഡിഗഡ്: ബലാത്സംഗ കേസിൽ 20 വർഷത്തെ തടവു ശിക്ഷ അനുഭവിക്കുന്ന വിവാദ ആൾദൈവം ഗുർമീത് റാം റഹിം സിങ്ങിന്‍റെ സിർസയിലെ ആശ്രമത്തിൽ പൊലീസ് പരിശോധന. സുരക്ഷയുടെ ഭാഗമായി സിർസയിൽ 41 കമ്പനി അർധസൈനികരെ സിർസയിൽ വിന്യസിച്ചിട്ടുണ്ട്. 50 വീഡിയൊഗ്രാഫർമാർ പരിശോധന സംഘത്തിലുണ്ട്. പരിശോധനയോടനുബന്ധിച്ച് സിർസയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചാബ് ആൻഡ് ഹരിയാന ഹൈകോടതിയുടെ ഉത്തരവിനെ തുടർന്നാണ് ആശ്രമത്തിൽ പോലീസ് പരിശോധന നടത്തുന്നത്.
800 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദേരാ സച്ചാ സൗധ ആശ്രമത്തിലെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റിസോർട്ടുകൾ തുടങ്ങിയവയാണ് പരിശോധന നടത്തുന്നത്.
ബലാത്സംഗ കേസിൽ ഗുർമീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനെ തുടർന്ന് അനുയായികൾ അഴിച്ചുവിട്ട കലാപത്തിൽ 36 പേർ കൊല്ലപ്പെട്ടിരുന്നു. കലാപങ്ങൾക്ക് പിന്നിൽ ദേര സച്ച സൗദയെന്ന് കണ്ടെത്തിയിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കലാപമുണ്ടാക്കാൻ ഏകദേശം അഞ്ച് കോടി രൂപയാണ് ഗുർമീതിെൻറ സംഘടന ചെലവഴിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
ദേര സച്ചയുടെ പഞ്ച്ഗുള ശാഖയുടെ തലവനായ ചാംകൗർ സിങാണ് കലാപങ്ങൾക്ക് പിന്നിലെ ബുദ്ധികേന്ദ്രം. സംഭവങ്ങൾക്ക് ശേഷം ഇയാൾ ഒളിവിലാണ്. ഹൈകോടതി നിർദേശ പ്രകാരം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇവർക്കൊപ്പം ഗുർമീതിെൻറ വളർത്തുമകൾ ഹണിപ്രീത്, സുരേന്ദ്രർ ധീമാൻ ഇസാൻ, ആദിത്യ ഇസാൻ എന്നിവരും കലാപങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.