ഡൽഹി വംശഹത്യയില്‍ പൊലീസ് പങ്ക് അന്വേഷിക്കണം –ആംനസ്റ്റി ഇൻറര്‍നാഷനല്‍
text_fieldsന്യൂഡല്‍ഹി: 'ജയ് ശ്രീറാം' മുഴക്കി ഡല്‍ഹി വംശീയാക്രമണത്തില്‍ സജീവ പങ്കാളികളായ ഡല്‍ഹി പൊലീസിനെക്കുറിച്ച് അന്വേഷണം നടന്നില്ലെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറര്‍നാഷനല്‍ തയാറാക്കിയ റിപ്പോര്‍ട്ട്. ഡല്‍ഹി പൊലീസ് പങ്കിനെക്കുറിച്ച് അന്വേഷണം അനിവാര്യമാണെന്ന് സംഘടന കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ആറു മാസമായി നടക്കുന്ന അന്വേഷണത്തില്‍ ഡല്‍ഹി പൊലീസിെൻറ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഒരു കേസ് പോലുമില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. എടുത്തുപറയേണ്ട ജോലിയാണ് ഡല്‍ഹി പൊലീസ് ചെയ്തതെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അവകാശവാദത്തിന് വിരുദ്ധമാണ് കലാപവേളയിലെ അവരുടെ പ്രകടനമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. പല ഘട്ടങ്ങളിലും ഡല്‍ഹി പൊലീസ് കലാപകാരികള്‍ക്കൊപ്പം തോളോടു തോള് ചേര്‍ന്നിരുന്നു. കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചതിനൊപ്പം അവര്‍ കല്ലേറ് നടത്തി. വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.
'ജയ് ശ്രീറാം' വിളിച്ചുകൊണ്ടാണ് പൊലീസുകാര്‍ ആക്രമണം നടത്തിയതെന്ന് ഇരയായ ഭേറു ഖാന് പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് തങ്ങളെ സഹായിച്ചില്ലെന്ന് ഹിന്ദുക്കളും മുസ്ലിംകളും ഒരുപോലെ പറയുന്നുണ്ടെന്ന് ആംനസ്റ്റി തുടര്‍ന്നു. തെൻറ വീട് തകര്‍ത്ത് തീയിടുമ്പോള്‍ പൊലീസിനെ വരുത്താന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ലെന്ന് കമലേഷ് ഉപ്പല്‍ പറഞ്ഞു.
അക്രമം നടക്കുന്ന സ്ഥലങ്ങളില്‍ പൊലീസ് നോക്കിനിന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവരെ അറസ്റ്റു ചെയ്യാന്‍ മാത്രമാണ് പൊലീസ് ഇടപെട്ടത്.
ഫെബ്രുവരി 26ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ കലാപ ബാധിത പ്രദേശത്ത് വന്നുപോയ ശേഷവും കൊലപാതകങ്ങള്‍ നടന്നു. അതിെൻറ പിറ്റേന്നാണ് തെൻറ രണ്ടു മക്കളെ തല്ലിക്കൊന്നതെന്ന് ബാബുഖാന്‍ ആംനസ്റ്റിക്ക് മൊഴി നല്കി.
അക്രമങ്ങള്‍ക്കിടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നെ കണ്ട പൊലീസ് മുസ്ലിമാണോ ഹിന്ദുവാണോ എന്ന് ചോദിച്ചുവെന്നും മുസ്ലിമെന്നു പറഞ്ഞപ്പോള്‍ പൊലീസ് വാനിലേക്ക് വലിച്ചിട്ടുവെന്നും അത്താര്‍ മൊഴി നല്കി. ആസമയം വാനില്‍ 25 പേരുണ്ടായിരുന്നു. നിങ്ങള്‍ക്ക് 'ആസാദി' വേണമല്ലേ എന്ന് ചോദിച്ച് പൊലീസ് വാഹനത്തില്‍ തുടങ്ങിയ പീഡനം നാലു ദിവസം സ്റ്റേഷനില്‍ തുടര്‍ന്നുവെന്നും അതുകഴിഞ്ഞാണ് കോടതിയില്‍ ഹാജരാക്കിയതെന്നും അത്താര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.