കോപ്ടർ അപകടം: രക്ഷകരായ നഞ്ചപ്പസത്രം കോളനി വ്യോമസേന ദത്തെടുക്കും
text_fieldsചെന്നൈ: സൈനിക മേധാവി ബിപിൻ റാവത് ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തിനിടെ രക്ഷകരായ നീലഗിരി ജില്ലയിലെ കാട്ടേരി നഞ്ചപ്പസത്രം കോളനിയെ വ്യോമസേന ഒരു വർഷത്തേക്ക് ദത്തെടുക്കുമെന്ന് ദക്ഷിണ ഭാരത് ഏരിയ കമാൻഡിങ് ജനറൽ ഓഫിസർ ലഫ്. ജനറൽ എ. അരുൺ. തിങ്കളാഴ്ച വെല്ലിങ്ടൺ പട്ടാള കേന്ദ്രത്തിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അറിയിച്ചതാണ് ഇക്കാര്യം.
ഹെലികോപ്ടർ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ പൊലീസ്, അഗ്നിശമന വിഭാഗം ജീവനക്കാർ, വനം ജീവനക്കാർ, മറ്റു വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ, സൈനിക ഉദ്യോഗസ്ഥർ, ആംബുലൻസ് ഡ്രൈവർമാർ തുടങ്ങിയവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
നഞ്ചപ്പസത്രം കോളനി സന്ദർശിച്ച അരുൺ മുഴുവൻ കുടുംബങ്ങൾക്കും അരിയും മറ്റു നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു. മാസന്തോറും കോളനിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ച കൃഷ്ണസാമി, ചന്ദ്രകുമാർ എന്നിവർക്ക് 5,000 രൂപ വീതം പാരിതോഷികവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.