'കൊറോണ മാതാ' ക്ഷേത്രം തുറന്ന് യു.പി ഗ്രാമം; വൈറസ് ബാധിക്കാതിരിക്കാന്‍ പ്രാര്‍ത്ഥന
text_fieldsലഖ്‌നോ: കോവിഡ് രണ്ടാം തരംഗ വ്യാപനം കുറയുകയും സര്‍ക്കാറുകള്‍ മൂന്നാം തരംഗം പ്രതിരോധിക്കാന്‍ മുന്നൊരുക്കം നടത്തുകയും ചെയ്യുന്ന വേളയില്‍ വൈറസ് ബാധയില്‍നിന്നും രക്ഷ നേടാന്‍ 'കൊറോണ മാതാ' ക്ഷേത്രം സ്ഥാപിച്ചിരിക്കുകയാണ് യു.പിയിലെ ഗ്രാമം. പ്രതാപ്ഗഢ് ജില്ലയിലെ ശുക്ലാപൂരിലാണ് ആരാധനാലയം സ്ഥാപിച്ചത്.
നൂറുകണക്കിന് ഗ്രാമീണരാണ് ഇവിടെ പ്രാര്‍ത്ഥനക്കെത്തുന്നത്. കോവിഡിന്റെ നിഴല്‍ ശുക്ലാപൂരിലും സമീപ ഗ്രാമങ്ങളിലും വീഴരുതെന്നാണ് ആളുകളുടെ പ്രാര്‍ത്ഥന. കൊറോണ മാത എന്ന മാസ്‌ക് ധരിച്ച വിഗ്രഹവും ഇവിടെ സ്ഥാപിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവിടെ എത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആരാധനാലയ നടത്തിപ്പുകാര്‍ എടുത്തുപറയുന്നു. പ്രാര്‍ത്ഥിക്കാനെത്തുന്നവര്‍ മാസ്‌ക് ധരിക്കണമെന്നും സമൂഹിക അകലം പാലിക്കണമെന്നുമാണ് നിര്‍ദേശം.
ഗ്രാമീണരില്‍ നിന്നും സംഭാവന സ്വീകരിച്ചാണ് ചെറിയ തുറന്ന രീതിയിലെ ആരാധനാലയം പണി കഴിപ്പിച്ചത്. കൊറോണ മാതയോട് പ്രാര്‍ത്ഥിച്ചാല്‍ മഹാമാരിയില്‍നിന്നും രക്ഷ ലഭിക്കുമെന്ന പൂര്‍ണ വിശ്വാസത്തിലാണ് കൊറോണ മാതാ മന്ദിര്‍ സ്ഥാപിച്ചതെന്ന് ഗ്രാമീണര്‍ പറയുന്നു. രാജ്യത്ത് ഇത് ആദ്യമല്ലെന്നും പ്ലേഗ്, വസൂരി പോലെ മഹാമാരികള്‍ പടര്‍ന്ന് നിരവധി പേര്‍ മരിച്ചപ്പോള്‍ ഇത്തരത്തില്‍ ആരാധനാലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കൊറോണ മാതാ മന്ദിറിലെ പൂജാരി രാധേ ശ്യാം പറഞ്ഞു.
കൊറോണ മാതാ മന്ദിറില്‍ ജനം പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നും പരിശോധിക്കുമെന്നും സങ്കിപൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ തുഷാര്‍ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.