അംഗീകാരം പനിക്കും ചുമക്കും ചികിത്സിക്കാൻ; കോറോണിൽ പതഞ്ജലി വിൽക്കുന്നത് കോവിഡിന്
text_fieldsന്യൂഡൽഹി: കോവിഡിന് ആയുർവേദ മരുന്ന് കണ്ടുപിടിച്ചുവെന്ന പതഞ്ജലിയുടെ അവകാശവാദം പൊളിയുന്നു. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ചുമക്കും പനിക്കും ചികിത്സിക്കാനും അംഗീകാരം ലഭിച്ച മരുന്നാണ് കോവിഡ് ചികിത്സക്കുള്ള മരുന്നായി പതഞ്ജലി അവതരിപ്പിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ആയുഷ് മന്ത്രാലയത്തിന് കീഴിലെ ഉത്തരാഖണ്ഡിലെ സ്റ്റേറ്റ് ലൈസൻസിങ് അതോറിറ്റി.
'കൊറോണില്‍ സ്വാസാരി' കോവിഡ് ചികിത്സക്കായി ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ സ്റ്റേറ്റ് ലൈസൻസിങ് അതോറിറ്റി ഹരിദ്വാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പതഞ്ജലി ആയുർവേദക്ക് കത്തയച്ചു.
'ഞങ്ങൾ പതഞ്ജലിക്ക് കത്തയച്ചു കഴിഞ്ഞു. രോഗപ്രതിരോധ ശേഷികൂട്ടാനും പനിക്കും ചുമക്കുമുള്ള മരുന്നാണത്. േകാവിഡ് ചികിത്സക്ക് അനുമതി നൽകിയിട്ടില്ല' എസ്.എൽ.എ ജോയൻറ് ഡയറക്ടർ ഡോ. വൈ.എസ്. റാവത് പറഞ്ഞു. സർക്കാർ നിയമങ്ങൾക്ക് അനുസൃതമായാണ് എല്ലാ കാര്യങ്ങളും നീക്കിയതെന്ന് പതഞ്ജലി വക്താവ് എസ്.കെ. തിജരവാല പറഞ്ഞു.
ലോകത്ത് നിരവധിയാളുകളെ കൊന്നൊടുക്കിയ കോവിഡ് മഹാമാരി ചികിത്സിക്കാനുള്ള വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണത്തിലാണ് വിവിധ ലോക രാജ്യങ്ങൾ.
കോവിഡിന് ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചെന്നും ഏഴു ദിവസം കൊണ്ട് രോഗം ഭേദമാക്കും എന്നുമായിരുന്നു ഉത്തരാഖണ്ഡിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബാബാ രാം ദേവ് അവകാശപ്പെട്ടത്. മരുന്ന് പരീക്ഷണം 100 ശതമാനം വിജയമാണെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.
മരുന്ന് കണ്ടെത്തിയതായുള്ള കമ്പനിയുടെ അവകാശവാദത്തിൽ കേന്ദ്ര ആയുഷ് മന്ത്രാലയവും വിശദീകരണം തേടിയിരുന്നു. മരുന്നിെൻറ ഗവേഷണവും പരീക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്പനിയോട് ആവശ്യപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. അവകാശവാദത്തിെൻറ സാധുത പരിശോധിച്ച് ഉറപ്പാക്കുന്നതുവരെ മരുന്നിെൻറ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ പാടില്ലെന്നും മന്ത്രാലയം അറിയിച്ചു.
മരുന്നിലെ മിശ്രണങ്ങൾ, ഗവേഷണം നടത്തിയ ആശുപത്രികൾ, മറ്റ് കേന്ദ്രങ്ങൾ, പരീക്ഷണത്തിനായി ഉപയോഗിച്ച സാംപിളുകളുടെ എണ്ണം, ട്രയൽ പരിശോധന ഫലങ്ങൾ തുടങ്ങിയ വിവരങ്ങൾ അറിയിക്കണമെന്നും മന്ത്രാലയം നിർദേശം നൽകി.
നേരത്തെ കോവിഡ് ബാധിതരില്‍ മരുന്ന് പരീക്ഷണം നടത്തിയതിന് പതഞ്ജലിക്കെതിരെ രാജസ്ഥാൻ സർക്കാർ കേസെടുത്തിരുന്നു. ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നതിന് മുമ്പ് സര്‍ക്കാരിെൻറ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.