എല്ലാ അഴിമതിക്കാരും ഒരേ വേദിയിൽ -പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യം വെച്ച് മോദി
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിയെ പാർലമെന്റിൽ അയോഗ്യനാക്കിയ നടപടിയിൽ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ അഴിമതിക്കാരും ഒരു വേദിയിൽ ഒന്നിച്ചിരിക്കുന്നുവെന്നായിരുന്നു മോദിയുടെ വിമർശനം. ഇന്ത്യ മഹത്തായ ഉയര്‍ച്ചകളിൽ നിൽക്കുമ്പോൾ, ഇന്ത്യക്കകത്തും പുറത്തുമുള്ള വിരുദ്ധ ശക്തികൾ ഒന്നിക്കുന്നത് സ്വാഭാവികമാണെന്നും മോദി പറഞ്ഞു.
അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിക്കാനുള്ള 14 പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തെയും മോദി രൂക്ഷമായി വിമർശിച്ചു. ഇന്ത്യക്ക് ഭരണഘടനാ സ്ഥാപനങ്ങൾ നൽകിയ ശക്തമായ അടിത്തറയുണ്ട്. അതുകൊണ്ടാണ് അവ ആക്രമണത്തിനിരയാകുന്നത്. അവയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുമ്പോൾ അന്വേഷണ ഏജൻസികളെ ആക്രമിക്കുന്നു. കോടതിവിധികൾ മറിച്ചാകുമ്പോൾ അതിനെതിരെയും ചോദ്യങ്ങളുയരുന്നു. ചില പാർട്ടികൾ അഴിമതിക്കാരെ സംരക്ഷിക്കുന്ന പദ്ധതി തുടങ്ങിയതായും മോദി ആരോപിച്ചു. ഡൽഹിയിലെ പാർപ്പിട സമുച്ചയവും ബി.ജെ.പിയുടെ ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യവേയായിരുന്നു മോദിയുടെ പ്രതിപക്ഷ വിമർശനം.
ഭാരതീയ ജനസംഘത്തിൽ നിന്ന് ബി.ജെ.പിയിലേക്കുള്ള യാത്രയിലെ ഉയര്‍ച്ച താഴ്ചകൾ അദ്ദേഹം അനുസ്മരിച്ചു. 1984ൽ സംഭവിച്ചത് ഇന്ത്യ ഒരിക്കലും മറക്കില്ല. അത് എക്കാലവും കറുത്ത കാലമായി തന്നെ ഓര്‍മിക്കപ്പെടും. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വൻ വിജയം നേടി. പക്ഷെ ഞങ്ങൾ തളര്‍ന്നില്ല, നിരാശരായതുമില്ല, ഞങ്ങൾ ഏതാണ്ട് അവസാനിച്ചുവെന്ന് പറഞ്ഞപ്പോഴും ഞങ്ങൾ ആരേയും കുറ്റപ്പെടുത്തിയില്ല. ആര്‍ക്കെതിരെയും ആക്രമണങ്ങൾ നടത്തിയില്ല.
പകരം താഴെ തട്ടിൽ പ്രവർത്തിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താൻ ഞങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 303 സീറ്റുകൾ സ്വന്തമാക്കി. പല സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് 50 ശതമാനത്തിലധികം വോട്ട് വിഹിതം ലഭിച്ചു. ഇന്ന് പാൻ ഇന്ത്യൻ പാര്‍ട്ടിയായി നിലനിൽക്കുന്നത് ബി.ജെ.പി മാത്രമാണെന്നും മോദി അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.