അഴിമതിക്കേസ്: ബി.ജെ.പി എം.എൽ.എ ഒടുവിൽ ലോകായുക്തക്ക് മുന്നിൽ
text_fieldsബംഗളൂരു: അഴിമതിക്കേസിൽ മുൻകൂർ ജാമ്യം നേടിയ ബി.ജെ.പി എം.എൽ.എ മദാൽ വിരുപക്ഷപ്പ ഒടുവിൽ ലോകായുക്ത അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. കർണാടക ഹൈകോടതി എം.എൽ.എക്ക് 48 മണിക്കൂർ സമയമാണ് ലോകായുക്തക്ക് മുന്നിൽ ഹാജരാകാൻ നൽകിയിരുന്നത്.
ലോകായുക്ത രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ ഒന്നാം പ്രതിയായ വിരുപക്ഷപ്പക്ക് അതിവേഗം ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ വ്യാപകവിമർശനം ഉയർന്നിരുന്നു. കർണാടക സോപ്സ് ആൻഡ് ഡിറ്റർജൻറ്സ് ലിമിറ്റഡിലെ (കെ.എസ്.ഡി.എൽ) ചെയർമാനായിരുന്ന വിരുപക്ഷപ്പ അസംസ്കൃതവസ്തുക്കളുടെ കരാറിന് കൈക്കൂലി വാങ്ങിയതായാണ് ലോകായുക്തയുടെ കണ്ടെത്തൽ. വിരുപക്ഷപ്പക്കുവേണ്ടി മകൻ പ്രശാന്ത് മദാൽ 40 ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെ ലോകായുക്ത പൊലീസ് കൈയോടെ പിടികൂടിയിരുന്നു.
കേസിൽ രണ്ടാം പ്രതിയാണ് ബി.ഡബ്ല്യു.എസ്.എസ്.ബി ചീഫ് അക്കൗണ്ടന്റ് കൂടിയായ പ്രശാന്ത് മദാൽ. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 8.02 കോടി രൂപയാണ് എം.എൽ.എയുടെ മകന്റെ ഓഫിസിൽനിന്നും വീട്ടിൽനിന്നുമായി ലോകായുക്ത സംഘം പിടിച്ചെടുത്തത്. എം.എൽ.എയുടെ ദാവൻകരെയിലെ വീട്ടിലും ഫാം ഹൗസിലും നടത്തിയ റെയ്ഡിൽ 16.5 ലക്ഷം രൂപയും രണ്ടു കിലോയിലേറെ സ്വർണവും 26 കിലോ വെള്ളിയും കണ്ടെടുത്തിരുന്നു. കേസെടുത്തതോടെ ഒളിവിൽപോയ എം.എൽ.എയെ കണ്ടെത്താൻ ലോകായുക്ത ഏഴ് അന്വേഷണ സംഘങ്ങളെ നിയോഗിച്ചിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.48 മണിക്കൂറിനകം അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജസ്റ്റിസ് കെ. നടരാജൻ അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച മുൻകൂർ ജാമ്യം അനുവദിച്ചത്. ഇതോടെയാണ് വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥൻ അന്തോണി രാജു മുമ്പാകെ ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.