അഴിമതിക്കേസ്; കർണാടകയിൽ ബി.ജെ.പി എം.എൽ.എ ഒന്നാം പ്രതി
text_fieldsബംഗളൂരു: ബി.ജെ.പി എം.എൽ.എക്കുവേണ്ടി കൈപ്പറ്റിയ അഴിമതിപ്പണവുമായി മകൻ പിടിയിലായതിനുപിന്നാലെ ലോകായുക്ത പൊലീസ് നടത്തിയ റെയ്ഡിൽ മകന്റെ വീട്ടിൽനിന്ന് ആറുകോടി രൂപ കൂടി കണ്ടെടുത്തു. ഇതോടെ ദാവൻഗെരെ ചന്നഗിരി മണ്ഡലത്തിൽനിന്നുള്ള ബി.ജെ.പി എം.എൽ.എ മദാൽ വിരുപക്ഷപ്പയെ (58) ഒന്നാം പ്രതിയാക്കി, അഴിമതി തടയൽ നിയമപ്രകാരം ലോകായുക്ത പൊലീസ് കേസെടുത്തു. ഇദ്ദേഹത്തിന്റെ മകനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) ചീഫ് അക്കൗണ്ടന്റ് വി. പ്രശാന്ത് മദാൽ രണ്ടാം പ്രതിയും ഓഫിസ് അക്കൗണ്ടന്റ് സുരേന്ദ്ര മൂന്നാം പ്രതിയും ഇടപാടിന് ഇടനിലനിന്ന മറ്റു മൂന്നുപേർ നാലുമുതൽ ആറുവരെ പ്രതികളുമാണ്. അഴിമതിക്കേസിൽ വെട്ടിലായതോടെ എം.എൽ.എ മദാൽ വിരുപക്ഷപ്പ (58) കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (കെ.എസ് ആൻഡ് ഡി.എൽ) ചെയർമാൻ പദവി രാജിവെച്ചു. തനിക്കും കുടുംബത്തിനുമെതിരെ ഗൂഢാലോചന നടക്കുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് വെള്ളിയാഴ്ച നേരിട്ട് നൽകിയ രാജിക്കത്തിൽ പറയുന്നു. എന്നാൽ, എം.എൽ.എ സ്ഥാനം രാജിവെച്ചിട്ടില്ല. ലോകായുക്ത റെയ്ഡുമായി തനിക്കൊരു ബന്ധവുമില്ലെന്നും തനിക്കും കുടുംബത്തിനുമെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും വിരുപക്ഷപ്പ രാജിക്കത്തിൽ അവകാശപ്പെട്ടു.
കരാറുകാരനിൽനിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വി. പ്രശാന്ത് മദാലിനെ വ്യാഴാഴ്ച ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിതാവിനുവേണ്ടിയാണ് മകൻ കൈക്കൂലി വാങ്ങിയതെന്നാണ് ലോകായുക്തയുടെ കണ്ടെത്തൽ. സോപ്പുകളും ഡിറ്റർജന്റുകളും നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കളുടെ കരാർ ഉറപ്പിക്കാനാണ് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. തുടർന്ന് പ്രശാന്തിന്റെ ഓഫിസിൽനിന്ന് 2.2 കോടി രൂപയും ബംഗളൂരു ഡോളേഴ്സ് കോളനിയിലെ വീട്ടിൽനിന്ന് ആറുകോടി രൂപയും കണ്ടെടുത്തു. 2018ൽ നിയമസഭ തെരഞ്ഞെടുപ്പിനായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ 5.73 കോടി രൂപയാണ് വിരുപക്ഷപ്പയുടെ ആസ്തി. അഴിമതിക്കേസിൽ കുടുങ്ങിയതോടെ വിരുപക്ഷപ്പയോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നെന്നാണ് വിവരം. കാബിനറ്റ് റാങ്കോടെ 2020ലാണ് വിരുപക്ഷപ്പയെ കെ.എസ്.ഡി.എൽ ചെയർപേഴ്സനായി നിയമിച്ചത്. മൈസൂർ സാൻഡൽ സോപ്പ് അടക്കമുള്ള പ്രമുഖ ബ്രാൻഡുകൾ ഉൽപാദിപ്പിക്കുന്നത് കെ.എസ്.ഡി.എൽ ആണ്.
കെ.എസ് ആൻഡ് ഡി.എല്ലിന് അസംസ്കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്വകാര്യ സ്ഥാപന ഉടമ ശ്രേയസ് കശ്യപ് നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്. പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിക്കാൻ 81 ലക്ഷം രൂപ പ്രശാന്ത് കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. ഇതോടെ ലോകായുക്ത നിര്‍ദേശ പ്രകാരം ക്രസന്റ് റോഡിലെ ഓഫിസിൽവെച്ച് 40 ലക്ഷം രൂപ കൈമാറുമ്പോഴാണ് പ്രശാന്ത് പിടിയിലായത്. കെ.എസ് ആൻഡ് ഡി.എൽ എം.ഡി എം. മഹേഷിന്റെ വീട്ടിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പ്രശാന്തിന്റെ വസ്തുവകകള്‍, ആഭരണങ്ങള്‍, വീടുകള്‍, വാഹനങ്ങള്‍ എന്നിവയുടെ വിശദാംശങ്ങളും പരിശോധിച്ചുവരുകയാണ്. കേസില്‍ പ്രശാന്ത്, ബന്ധു സിദ്ദീഷ്, അക്കൗണ്ടന്റ് സുരേന്ദ്ര, പ്രശാന്തിന് 72 ലക്ഷം രൂപ കൈക്കൂലി നല്‍കാനെത്തിയ ഗംഗാധര്‍, നിക്കോളാസ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കുമെന്ന് ലോകായുക്ത അറിയിച്ചു. വ്യാഴാഴ്ച രാത്രി ആരംഭിച്ച പരിശോധന വെള്ളിയാഴ്ചയാണ് അവസാനിച്ചത്. ബംഗളൂരു ലോകായുക്ത ഐ.ജി ഡോ. എ. സുബ്രഹ്മണ്യേശ്വര റാവു, എസ്.പി കെ.വി. അശോക് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.