കേന്ദ്ര പദ്ധതികളിലെ അഴിമതി: ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കിയ സി.എ.ജി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ സുപ്രധാന പദ്ധതികളായ ആയുഷ്മാൻ ഭാരത്, ഭാരത്മാല അടക്കമുള്ളവയിൽ വൻതോതിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി റിപ്പോർട്ട് തയാറാക്കിയ കംട്രോളർ-ഓഡിറ്റർ ജനറൽ (സി.എ.ജി) ഉദ്യോഗസ്ഥരിൽ മൂന്നു പേരെ സ്ഥലം മാറ്റി. വർഷകാല പാർലമെന്റ് സമ്മേളനത്തിൽ സഭയിൽവെച്ച 12 ഓഡിറ്റ് റിപ്പോർട്ടുകൾ തയാറാക്കുന്നതിൽ ഭാഗമായവരോ ചുമതല വഹിച്ചവരോ ആയ ഉദ്യോഗസ്ഥരെയാണ് മാറ്റിയിരിക്കുന്നത്. ഇൻഫ്രാസ്ട്രക്ചർ ഓഡിറ്റ് പ്രിൻസിപ്പൽ ഡയറക്ടർ അതൂവ സിൻഹ, ഡയറക്ടർ ജനറൽ ദത്തപ്രസാദ് സൂര്യകാന്ത് ശിർസ, അശോക സിൻഹ എന്നിവരെയാണ് സ്ഥലം മാറ്റിയത്.
ഭാരത്മാല പദ്ധതിയിൽ ഉൾപ്പെട്ട ദ്വാരക അതിവേഗ പാത സംബന്ധിച്ച വൻ ക്രമക്കേട്, ആയുഷ്മാൻ ഭാരതിലെ ക്രമക്കേട് എന്നിവ കണ്ടെത്തിയ റിപ്പോർട്ടിന്റെ ചുമതലയുള്ളവരായിരുന്നു അതൂവ സിൻഹയും ദത്തപ്രസാദ് സൂര്യകാന്ത് ശിർസയും. അതൂർവ സിൻഹയെ ഡൽഹിയിൽനിന്ന് മാറ്റി തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറൽ ആയിട്ടാണ് നിയമിച്ചത്. ആയുഷ്മാൻ ഭാരത് റിപ്പോർട്ടിന്റെ ഓഡിറ്റ് ആരംഭിച്ചയാളാണ് അശോക് സിൻഹ.
തങ്ങളുടെ അഴിമതി വെളിച്ചത്തുകൊണ്ടുവരുന്നവരെ ഭീഷണിപ്പെടുത്തുകയും സ്ഥലംമാറ്റുകയും ചെയ്യുന്നതാണ് മോദി സര്‍ക്കാറിന്റെ പ്രവര്ത്തനരീതിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ‘സ്ഥലം മാറ്റത്തിനുള്ള ഉത്തരവ് അടിയന്തരമായി റദ്ദാക്കി, ഉദ്യോഗസ്ഥരെ തിരികെ കൊണ്ടുവരണം. ദ്വാരക അതിവേഗപാത, ഭരത് മാല, ആയുഷ്മാന്‍ ഭാരത് എന്നീ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കെതിരെ നടപടി സ്വീകരിക്കണം’ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. മാഫിയ രീതിയാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നത്. അഴിമതി തുറന്നുകാട്ടിയാല്‍ അവരെ വിരട്ടുകയും പുറത്താക്കുകയുമാണ് കേന്ദ്രമെന്നും രമേശ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.