അഴിമതി, സ്ത്രീവിരുദ്ധത, ദേശവിരുദ്ധത; തെലങ്കാന, തമിഴ്നാട്, കേരള സർക്കാരുകളെ വിമർശിച്ച് മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണം
text_fieldsന്യൂഡൽഹി: തെലങ്കാന, തമിഴ്നാട്, കേരള സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാന, തമിഴ്നാട്, കേരള തുടങ്ങിയ സംസ്ഥാനങ്ങൾ അഴിമതിയുടെ കേന്ദ്രമാണെന്നും ദേശ വിരുദ്ധ വികാരം വളർത്തിയെടുക്കുകയാണെന്നുമാണ് മോദിയുടെ പരാമർശം. കേരളമുൾപ്പെടെയുള്ള മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെക്കും. മൂന്നാം തവണയും റെക്കോർഡ് നേട്ടവുമായി ബി.ജെ.പി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിലും പര്യടനം നടത്തുകയായിരുന്നു പ്രധാനമന്ത്രി. മുൻകാല പ്രചരണങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി വികസന പദ്ധതികളുടെ ഉദ്ഘാടനമില്ലാതെ റാലികളിൽ മാത്രമായിരുന്നു മോദിയുടെ ശ്രദ്ധ.
തമിഴ്നാട്ടിലെത്്തിയ മോദി ഭരണകക്ഷിയായ ഡി.എം.കെയെ ശത്രുവെന്നായിരുന്നു വിശേഷിപ്പിച്ചത്. രാജ്യത്തോടും അതിന്റെ സംസ്കാരത്തോടും പൈതൃകത്തോടും വിദ്വേഷം വളർത്തുകയാണ് ഡി.എം.കെയെന്നും ഇൻഡ്യാ സഖ്യത്തിന് കാണിക്കാനുള്ളത് കോടികളുടെ കുംഭകോണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കും എൻ.ഡി.എക്കും അഭിമാനിക്കാൻ വികസനവും വിവിധ സംരഭങ്ങളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡി.എം.കെയുടെയും കോൺഗ്രസിൻ്റെയും ചരിത്രം കൊള്ളയാണ്. ജനങ്ങളെ കൊള്ളയടിക്കാനാണ് അവർ അദികാരത്തിൽ വരാൻ ആഗ്രഹിക്കുന്നത്. ഡി.എം.കെയും കോൺഗ്രസും സ്ത്രീവിരുദ്ധരാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയോട് ഡി.എം.കെയുടെ സമീപനം എങ്ങനെയായിരുന്നുവെന്ന് ഓർക്കേണ്ടതുണ്ടെന്നും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് വർധിച്ചുവരികയാണെന്നും മോദി പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോൽ തമിഴ് പൈതൃകത്തെ പരാമർശിച്ചുള്ളതാണ്. എന്നാൽ അതിൽ അതിൽ അതൃപ്തി തോന്നിയ ഡി.എം.കെ നീക്കത്തെ ബഹിഷ്കരിച്ചു. കാളകളെ മെരുക്കുന്ന കായിക വിനോദമായ 'ജെല്ലിക്കെട്ട്' നിരോധിച്ചപ്പോൾ കോൺഗ്രസും ഡി.എം.കെയും നിശബ്ദത പാലിച്ചു. തമിഴ്നാടിൻ്റെ വ്യക്തിത്വത്തിൻ്റെ ഭാഗമായ കായിക വിനോദത്തിന് ഒടുക്കം എൻ.ഡി.എ അനുമതി നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഡി.എം.കെ കോൺഗ്രസ് സഖ്യത്തെ തകർക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
സോളാർ അഴിമതി, സ്വർണക്കടത്ത് തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു മോദിയുടെ കേരള വിമർശനം. നിരവധി അഴിമതികളാണ് സംസ്ഥാനത്തെ ഇടതു-കോൺഗ്രസ് സർക്കാരുകൾ കേരളത്തിന് നൽകിയിട്ടുള്ളതെന്നും സംസ്ഥാനത്ത് താമര വിരിയുമെന്നും മോദി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇരട്ട അക്ക വോട്ട് ലഭിക്കുന്ന പാർട്ടിയാക്കി കേരളത്തിലെ ജനങ്ങൾ ബി.ജെ.പിയെ മാറ്റി. കേരളത്തിൽ ഇരട്ട സീറ്റെന്ന ബി.ജെ.പിയുടെ ലക്ഷ്യം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെയും സി.പി.ഐ.എമ്മിന്റെയും നിരന്തരമായ അഴിമതിയിൽ കേരളത്തിലെ ജനങ്ങൾ അസംതൃപ്തരാണ്. പ്രബുദ്ധരായ കേരളത്തിലെ ജനങ്ങളുടെ ചിന്തകൾക്കും പുരോഗമന കാഴ്ചപ്പാടുകൾക്കും നേർവിപരീതമാണ് കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നയങ്ങൾ. റബർ കർഷകരുടെ പ്രശ്നങ്ങളോട് ഇരു സർക്കാരുകളും മുഖം തിരിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന നില പാടെ തകർന്നുവെന്നും മോദി പറയുന്നു. ജനാധിപത്യത്തിന്റെ വലിയ വിജയമാണ് കേരളം കാണാനിരിക്കുന്നത്. ഇക്കുറി കേരളത്തിന് ബി.ജെ.പിയോചുള്ള അഗാതമായ സ്നേഹം പിന്തുണയായി കാണപ്പെടുമെന്നാണ് വിശ്വാസം. മുൻകാല റെക്കോർഡുകൾ തകർക്കുന്നതായിരിക്കും ഇക്കുറി തെരഞ്ഞെടുപ്പ്. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും ദുഷിച്ച ഭരണചക്രം ജനങ്ങൾ ഇല്ലാതാക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ കോൺഗ്രസിൽ നിന്നും ബിജെ.പിയിൽ ചേർന്ന പത്മജ വേണുഗോപാൽ, ശോഭാ സുരേന്ദ്രൻ, അനിൽ കെ. ആന്റണി, വി മുരളീധരൻ തുടങ്ങിയവരും വേദിയിൽ ഉണ്ടായിരുന്നു.
കാവി നിറത്തിലുള്ള തൊപ്പി ധരിച്ച് തുറന്ന വാഹനത്തിൽ നിന്ന് ജനങ്ങൾക്ക് നേരെ കൈവീശി കാണിച്ചായിരുന്നു തെലങ്കാനയിലെ മോദിയുടെ പര്യടനം. കേന്ദ്രമന്ത്രിയും സംസ്ഥാന ബിജെപി അധ്യക്ഷനുമായ ജി. കിഷൻ റെഡ്ഡിയും മൽകാജ്ഗിരിയിലെ പാർട്ടി സ്ഥാനാർത്ഥി എടാല രാജേന്ദറും മോദിക്കൊപ്പം ഉണ്ടായിരുന്നു. മാർച്ച് 16,18തീയതികളിൽ സംസ്ഥാനത്തെ റാലികളെ മോദി അഭിസംബോധന ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.