ബി.ജെ.പി മാർച്ചിനെതിരെ വെടിവെക്കാമായിരുന്നു; എന്നാൽ, സംയമനം പാലിച്ചു -മമത
text_fieldsകൊൽക്കത്ത: അക്രമാസക്തരായ ബി.ജെ.പി പ്രവർത്തകർക്കുനേരെ പൊലീസിന് വെടിവെക്കാമായിരുന്നെന്നും എന്നാൽ, സർക്കാർ സംയമനം പാലിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി മമത ബാനർജി. നബന്ന അഭിയാൻ റാലിക്കിടെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ബി.ജെ.പി സംസ്ഥാനത്തിന് പുറത്തുനിന്ന് ബോംബും ആയുധങ്ങളുമായി ഗുണ്ടകളെ ഇറക്കിയെന്നും മമത ആരോപിച്ചു.
തൃണമൂൽ ഭരണത്തിലെ അഴിമതിക്കെതിരെ കൊൽക്കത്തയിൽ ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. 'റാലിക്കിടെ നിരവധി പൊലീസുകാരാണ് ബി.ജെ.പി പ്രവർത്തകരാൽ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഈ സാഹചര്യത്തിൽ അക്രമികൾക്കുനേരെ പൊലീസിന് വെടിയുതിർക്കാമായിരുന്നു.
എന്നാൽ, സർക്കാർ പരമാവധി സംയമനം പാലിക്കുകയായിരുന്നു. ദുർഗപൂജ ആഘോഷങ്ങൾ അടുത്തിരിക്കെ നടന്ന പ്രതിഷേധ മാർച്ച് വ്യാപാരികൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിച്ചത്. ജനാധിപത്യപരവും സമാധാനപരവുമായി നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ സർക്കാർ ഒന്നും ചെയ്യില്ല. പക്ഷേ, ബി.ജെ.പി പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു' -മമത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.