സിംഘു അതിർത്തിയിൽ ഏറ്റുമുട്ടൽ; കർഷകരുടെ ടെന്‍റ് പൊളിച്ചു
text_fieldsന്യൂഡൽഹി: കർഷക പ്രക്ഷോഭം നടക്കുന്ന ഡൽഹിയിലെ സിംഘു അതിർത്തിയിൽ കർഷകരും ഒരു വിഭാഗം ആളുകളും തമ്മിൽ ഏറ്റുമുട്ടൽ. കർഷക സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകൾ സംഘടിച്ച് പ്രക്ഷോഭകേന്ദ്രത്തിലേക്ക് എത്തുകയായിരുന്നു.
പ്രതിഷേധക്കാർ കർഷകരുടെ ടെന്‍റ് പൊളിച്ചുനീക്കി. കർഷകർക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിയുകയും ചെയ്തു. സമരം ചെയ്യുന്നത് കർഷകരല്ല, തീവ്രവാദികളാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. അക്രമത്തിന് പിന്നിൽ പ്രദേശവാസികളല്ലെന്നും ആർ.എസ്.എസാണെന്നും കർഷക സംഘടനകൾ പറഞ്ഞു.
ഏറ്റുമുട്ടൽ കനത്തതോടെ പൊലീസ് സ്ഥലത്ത് ലാത്തിവീശി. കണ്ണീർ വാതകവും പ്രയോഗിച്ചു.
പ്രദേശവാസികളാണെന്ന് പറഞ്ഞാണ് ഒരു വിഭാഗം സമരകേന്ദ്രത്തിലേക്ക് എത്തിയത്. പിന്നീട് കർഷകർക്കെതിരായി മുദ്രാവാക്യം വിളിക്കുകയായിരുന്നു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. സിംഘു അതിർത്തിയിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമപ്രവർത്തകർക്ക് പൊലീസ് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്തുന്നത് പൊലീസ് തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.