മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണൽ; ഹരജികൾ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും
text_fieldsന്യൂഡൽഹി: വോട്ടുയന്ത്രത്തിൽ ചെയ്ത വോട്ടുകൾ ഒത്തുനോക്കാൻ മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ ബുധനാഴ്ച സുപ്രീംകോടതി പരിഗണിച്ചില്ല. ബെഞ്ചിനെ നയിച്ചിരുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്നയെ മറ്റൊരു പ്രത്യേക ബെഞ്ചിലേക്ക് മാറ്റി ചീഫ് ജസ്റ്റിസ് പട്ടിക പുനഃക്രമീകരിച്ചതോടെയാണ് കേസ് പരിഗണിക്കാൻ കഴിയാതെ പോയത്.
പൊതുതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഹരജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ജസ്റ്റിസ് സഞ്ജീവ് ഖന്നയോട് ആവശ്യപ്പെട്ടെങ്കിലും രണ്ടാഴ്ച കഴിഞ്ഞേ പരിഗണിക്കാനാകൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഹരജി പരിഗണിച്ചിരുന്ന ജസ്റ്റിസ് ഖന്ന, ജസ്റ്റിസുമാരായ ബേല എം. ത്രിവേദിക്കും എം.എം. സുന്ദരേഷിനുമൊപ്പം മറ്റൊരു ബെഞ്ചിലിരിക്കെ അവിടെ വന്നാണ് സിബൽ വിവിപാറ്റ് ഹരജികളുടെ കാര്യം പരാമർശിച്ചത്. ജസ്റ്റിസ് ഖന്ന ബുധനാഴ്ച പരിഗണിക്കേണ്ട ഹരജികളായിരുന്നു ഇവയെന്നും പ്രത്യേക കോടതി ചേർന്നതുമൂലം അതിന് കഴിയാതെ പോയതാണെന്നും സിബൽ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് ആസന്നമായതിനാൽ അടുത്ത ചൊവ്വാഴ്ചയെങ്കിലും കേൾക്കണമെന്നാണ് സിബൽ ആവശ്യപ്പെട്ടത്. അടുത്തയാഴ്ചയും കേസ് കേൾക്കാനാവില്ലെന്ന് ജസ്റ്റിസ് ഖന്ന മറുപടി നൽകി. അത് പ്രശ്നമാകുമെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ പ്രതികരിച്ചപ്പോൾ, റോസ്റ്റർ പ്രകാരമാണ് കേസുകൾ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും രണ്ടാഴ്ചയാകാതെ ഹരജികൾ കേൾക്കാനാവില്ലെന്നും ജസ്റ്റിസ് ഖന്ന തീർത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.