റെയിൽവേ സ്റ്റേഷനിൽ ട്രെയിനെണ്ണാൻ ഉദ്യോഗാർഥികൾ നൽകിയത് കോടികൾ; തൊഴിൽ തട്ടിപ്പിന്റെ പുതിയ വഴി
text_fieldsന്യൂഡൽഹി: തൊഴിൽ തട്ടിപ്പുകാർ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട്ടിൽ നിന്നുള്ള 28 ഓളം പേരെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ വിവിധ പ്ലാറ്റ്ഫോമുകളിൽ ട്രെയിനുകളുടെ കണക്കെടുക്കാൻ നിയോഗിച്ചു. ഒരു മാസത്തേക്ക് ദിവസവും എട്ടുമണിക്കൂർ ഡ്യൂട്ടിക്കാണ് ഇവരെ നിയോഗിച്ചത്. സ്റ്റേഷനിൽ വരുന്നതും പോകുന്നതുമായ ട്രെയിനുകൾ, കോച്ചുകൾ എന്നിവ എണ്ണുന്നതാണ് ജോലി. ആരാണ് ഇവരെ നിയോഗിച്ചതെന്നതിനെ കുറിച്ച് കൃത്യമായ അറിവില്ല.
ടി.ടി.ഇ, ട്രാഫിക് അസിസ്റ്റന്റ്, ക്ലർക്ക് പോസ്റ്റുകളിലേക്കുള്ള പരിശീലന പരിപാടിയുടെ ഭാഗമാണ് ട്രെയിനെണ്ണൽ എന്നാണ് ഇവരോട് പറഞ്ഞിരിക്കുന്നത്. ഓരോരുത്തരും രണ്ടു ലക്ഷം രൂപ മുതൽ 24 ലക്ഷം രൂപവരെ നൽകിയാണ് 'ജോലി' നേടിയിരിക്കുന്നതെന്ന് ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൽ രജിസ്റ്റർചെയ്ത പരാതിയിൽ പറയുന്നു.
ജൂൺ-ജൂലൈ മാസങ്ങൾക്കിടയിൽ ഒരു മാസം നീണ്ട ട്രെയിനിങ്ങിനായി ഇവരിൽ നിന്ന് 2.67 കോടി രൂപയാണ് പ്രതികൾ തട്ടിയെടുത്തതെന്ന് 78 കാരനായ സുബ്ബുസാമി നൽകിയ പരാതിയിൽ പറയുന്നു.
വിമുക്ത ഭടനായ സുബ്ബുസാമിയാണ് ഉദ്യോഗാർഥികളെ തട്ടിപ്പുകാരുമായി ബന്ധപ്പെടുത്തിയത്. എന്നാൽ ഇത് തട്ടിപ്പാണെന്ന് തനിക്കറിയില്ലായിരുന്നെന്നും താനും അവരുടെ തട്ടിപ്പിൽ വീണുപോയിയെന്നുമാണ് സുബ്ബുസാമി പറയുന്നത്.
ഓരോ ഉദ്യോഗാർഥികളും രണ്ട് ലക്ഷം മുതൽ 24 ലക്ഷം രൂപ വരെ സുബ്ബു സാമിക്ക് നൽകുകയും അദ്ദേഹം അത് തട്ടിപ്പുകാർക്ക് കൈമാറുകയുമായിരുന്നു. വികാസ് റാണ എന്ന് പേരുള്ളയാൾക്കാണ് പണം കൈമാറിയതെന്ന് സുബ്ബുസാമി പറയുന്നു. ഡൽഹിയിൽ നോർത്തേൺ റെയിൽവേ ഓഫീസ് ഡയറക്ടറാണെന്നായിരുന്നു വികാസ് റാണ പറഞ്ഞിരുന്നത്.
തട്ടിപ്പിനിരയായവരിൽ അധികപേരും എഞ്ചിനീയറിങ്, സാങ്കേതിക വിദ്യാഭ്യാസം എന്നിവ പൂർത്തിയാക്കിയവരാണ്. ഓരോ പോസ്റ്റിലേക്കും വ്യത്യസ്ത തുകകളാണ് വാങ്ങിയത്. എന്നാൽ പരിശീലനമെന്നത് എല്ലാവർക്കും ട്രെയിൻ എണ്ണലായിരുന്നുവെന്ന് തട്ടിപ്പിനിരയായ 28 കാരൻ സെന്തിൽ കുമാർ പറഞ്ഞു.
താൻ തൊഴിലില്ലാത്ത യുവാക്കളെ സഹായിക്കാറുണ്ടെന്നും ഒരിക്കൽ ഡൽഹിയിലെ എം.പി ക്വാർട്ടേഴ്സിൽ നിന്ന് പരിചയപ്പെട്ട ശിവരാമൻ എന്നയാളാണ് യുവാക്കൾക്ക് റെയിൽവേയിൽ തൊഴിൽ സംഘടിപ്പിച്ച് നൽകാമെന്ന് തന്നെ അറിയിച്ചതെന്നും സുബ്ബുസാമി പറഞ്ഞു. ശിവരാമൻ പറഞ്ഞതനുസരിച്ച് മൂന്ന് ഉദ്യോഗാർഥികളുമായി അദ്ദേഹത്തെ കാണാൻ ഡൽഹിയിൽ പോയിരുന്നു. തൊഴിൽ ലഭിക്കുമെന്ന വാർത്ത പരന്നതോടെ 25 പേർ കൂടി തന്നോടൊപ്പം ചേരുകയായിരുന്നെന്നും സുബ്ബു സാമി പറഞ്ഞു.
പണം അടച്ചശേഷം ഈ ഉദ്യോഗാർഥികളെ കൊണാട്ട് പ്ലേസിലെ റെയിൽവേ സെൻട്രൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്കായും ഡൽഹി ശങ്കർ മാർക്കറ്റിലെ നോർത്തേൺ റെയിൽവേ ജൂനിയർ എഞ്ചിനീയറുടെ ഓഫീസിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായും വിവിധ തിയതികളിൽ വിളിപ്പിച്ചിരുന്നു.
ഉദ്യോഗാർഥികൾക്ക് നൽകിയ ട്രെയിനിങ് ഉത്തരവ്, ഐ.ഡി കാർഡുകൾ, ട്രെയിനിങ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ്, അപ്പോയ്ൻമെന്റ് ലെറ്റർ തുടങ്ങിയവയെല്ലാം വ്യാജമായി നിർമിച്ചവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.