രാജ്യം കോവിഡ് ഭീതിയിൽ; 239 ദിവസത്തിനിടയിലെ ഉയർന്ന നിരക്ക്
text_fieldsന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 239 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഔദ്യോഗിക കണക്കു പ്രകാരം ഒമിക്രോൺ ബാധിതരുടെ എണ്ണം 5,753 ആയി ഉയർന്നു. ഒരു ദിവസത്തിനിടയിൽ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണത്തിൽ ഉണ്ടായ വർധന 4.83 ശതമാനമാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവർ 12.72 ലക്ഷമാണ്. പ്രതിദിന കോവിഡ് കണക്ക് 2.64 ലക്ഷം. പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനം.
ആശുപത്രി കേസ് കുറവ് –കെജ്രിവാൾ
ഡൽഹിയിൽ കോവിഡ് കേസുകൾ പെരുകുന്നുണ്ടെങ്കിലും ആശുപത്രിയിലാക്കി ചികിത്സിക്കേണ്ടിവരുന്നവരുടെ എണ്ണവും മരണസംഖ്യയും കുറവാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആശുപത്രിയിൽ കിടക്കകൾ അടക്കം എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പരിഭ്രാന്തിയുടെ ആവശ്യമില്ല. ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്നുണ്ടെന്നത് സത്യമാണ്. എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഏറക്കുറെ എല്ലാ ദിവസവും ഒരേപോലെയാണ്. പുതിയ തരംഗത്തിെൻറ തീവ്രത കുറയുന്നതിന്റെ ലക്ഷണം കൂടിയാണിത്. ജാഗ്രതയാണ് ഈ ഘട്ടത്തിൽ ആവശ്യമെന്നും സാമൂഹിക അകലം പാലിക്കാനും മുൻകരുതൽ നടപടി സ്വീകരിക്കാനും എല്ലാവരും തയാറാകണമെന്നും കെജ്രിവാൾ പറഞ്ഞു.
മരണക്കണക്ക് കുറച്ചു കാണിച്ചിട്ടില്ല -കേന്ദ്രം
ആദ്യത്തെ രണ്ടു കോവിഡ് തരംഗങ്ങളുടെ കാലത്ത് മരണനിരക്ക് കുറച്ചു കാണിച്ചുവെന്ന മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. ആഗോളതലത്തിൽ അംഗീകരിച്ച മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നത്. മരണങ്ങളുടെ കണക്ക് നൽകുന്നത് സംസ്ഥാനങ്ങളാണ്.
നേരത്തേ കണക്കിൽപെടാതെ പോയ മരണങ്ങളും സംസ്ഥാനങ്ങൾ പിന്നീട് നൽകി. അതത്രയും രജിസ്ട്രാർ ജനറലിന്റെ മേൽനോട്ടത്തിലാണ് ക്രോഡീകരിക്കുന്നത്. 30 ലക്ഷം പേർ മരിച്ചിട്ടുണ്ടാകാമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രാലയ അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.