മൻമോഹൻ സിങ്ങിനെ പ്രശംസിച്ച് ഗഡ്കരി: 'രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു'
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻപ്രധാനമന്ത്രിയുമായ മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക നയങ്ങളെ വാനോളം പുകഴ്ത്തി ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി. ടി.ഐ.ഒ.എൽ ('ടാക്‌സ്ഇന്ത്യ ഓൺലൈൻ') അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പരാമർശം. നോട്ട് നിരോധനത്തിന്റെ വാർഷികദിവസമായ ഇന്നലെയായിരുന്നു ഈ പുകഴ്ത്തൽ എന്നതും ശ്രദ്ധേയമായി.
സാമ്പത്തിക പരിഷ്‌കരണത്തിന് രാജ്യം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രിയായ ഗഡ്കരി പറഞ്ഞത്. 'ദരിദ്രർക്ക് കൂടി ഗുണം ലഭിക്കണമെന്ന ഉദ്ദേശത്തോടെ ഇന്ത്യയ്ക്ക് ഒരു ഉദാര സാമ്പത്തിക നയം ആവശ്യമാണ്. 1991ൽ മൻമോഹൻസിങ് ധനമന്ത്രിയായിരിക്കെ തുടക്കമിട്ട സാമ്പത്തിക പരിഷ്‌കാരങ്ങൾ ഉദാര സമ്പദ്‌വ്യവസ്ഥയിലേക്ക് നയിച്ചു. ഇത് ഇന്ത്യക്ക് ഒരു പുതിയ ദിശാബോധം നൽകി. ഇക്കാര്യത്തിൽ രാജ്യം മൻമോഹൻ സിങ്ങിനോട് കടപ്പെട്ടിരിക്കുന്നു' -ഗഡ്കരി പറഞ്ഞു.
മൻമോഹന്റെ സാമ്പത്തിക പരിഷ്‌കാരങ്ങൾ കാരണം 1990 കളുടെ മധ്യത്തിൽ താൻ മഹാരാഷ്ട്രയിൽ മന്ത്രിയായിരുന്നപ്പോൾ റോഡുകൾ നിർമ്മിക്കാൻ പണം സ്വരൂപിക്കാൻ കഴിഞ്ഞതായും അദ്ദേഹം അനുസ്മരിച്ചു. ഉദാരവത്കരണ സാമ്പത്തിക നയം കർഷകർക്കും പാവപ്പെട്ടവർക്കും വേണ്ടിയുള്ളതാണെന്നും ഗഡ്കരി പറഞ്ഞു.
പ്രസംഗത്തിനിടെ ചൈനീസ് സാമ്പത്തിക വ്യവസ്ഥയെയും ഗഡ്കരി പുകഴ്ത്തി. ലിബറൽ സാമ്പത്തിക നയം രാജ്യത്തിന്റെ വികസനത്തിന് സഹായിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചൈനയെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിന് ഇന്ത്യയിൽ കൂടുതൽ മൂലധന നിക്ഷേപം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ദേശീയപാത നിർമ്മാണത്തിനായി നാഷനൽ ഹൈവേ അതോറിറ്റി (എൻഎച്ച്എഐ) സാധാരണക്കാരിൽ നിന്ന് പണം സ്വരൂപിക്കുന്നുണ്ട്. തന്റെ മന്ത്രാലയം 26 പുതിയ എക്‌സ്പ്രസ് വേകൾ നിർമ്മിക്കുന്നുണ്ട്. എന്നാൽ, പണത്തിന്റെ ക്ഷാമം നേരിടുന്നില്ല. എൻഎച്ച്എഐയുടെ ടോൾ വരുമാനം നിലവിൽ പ്രതിവർഷം 40,000 കോടി രൂപയിൽ നിന്ന് 2024 അവസാനത്തോടെ 1.40 ലക്ഷം കോടി രൂപയായി ഉയരും' -അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.