കോവിഡ്: മൂന്നാം തരംഗം കുഞ്ഞുങ്ങളെ ഹാനികരമായി ബാധിക്കും; നേരിടാൻ ഒരുങ്ങണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം നേരിടാൻ മതിയായ ഒരുക്കം നടത്തണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ സംഭരണ സംവിധാനം അടിയന്തരമായി ഒരുക്കണമെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
മൂന്നാം തരംഗം മുതിർന്നവരേക്കാൾ കുഞ്ഞുങ്ങളെയാണ് ഏറ്റവും ഹാനികരമായി ബാധിക്കുകയെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കുഞ്ഞുങ്ങൾക്ക് മുതിർന്നവരേക്കാൾ അതിജീവനശക്തി കൂടുതലാണെങ്കിലും രോഗം വന്നാൽ അവർക്ക് സ്വയം ആശുപത്രിയിൽ പോകാനാവില്ല. മാതാപിതാക്കളുടെ സഹായം കൂടിയേ തീരൂ. ഈ സാഹചര്യത്തിൽ ഇവർ പ്രയാസപ്പെടുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
കോവിഡ് രോഗികളെ ചികിത്സിക്കാൻ ശ്രമിച്ചിട്ടും അവർ മരിച്ചുവീഴുകയാണ്. ഡൽഹിയിൽ ഓക്സിജൻ ക്ഷാമംമൂലം രോഗികൾ മരിക്കുന്നുവെന്നത് നിഷേധിക്കാനാവില്ല. ഈ സാഹചര്യത്തിൽ ഇനി ഉത്തരവുണ്ടാകുന്നതുവരെ ഡൽഹിക്ക് 700 എം.ടി ഓക്സിജൻ വിതരണം ഉറപ്പാക്കണമെന്നും കേന്ദ്രത്തോട് കോടതി നിർദേശിച്ചു.
ഓക്സിജൻ വിനിയോഗം സംബന്ധിച്ച് പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കാൻ കേന്ദ്രത്തേയും ഡൽഹി സർക്കാറിനെയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. കോടതി നിർദേശപ്രകാരമുള്ള ഓക്സിജൻ അനുവദിക്കുന്നതിൽ കേന്ദ്രം പരാജയമാണെന്ന് ഡൽഹി സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാഹുൽ മെഹ്റ ചൂണ്ടിക്കാട്ടിയപ്പോൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അത് നിഷേധിച്ചു. ഡൽഹിക്ക് 730 എം.ടി ഓക്സിജൻ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ കേന്ദ്രത്തിെൻറ ഓക്സിജൻ വിതരണ രീതിയിൽ കാര്യമായ മാറ്റം ആവശ്യമാണെന്ന് കോടതി പറഞ്ഞു. ഓക്സിജൻ വിതരണം എത്രയെന്ന് കണ്ടെത്താൻ എന്ത് സാങ്കേതിക സംവിധാനമാണ് ഉള്ളതെന്നും കോടതി ചോദിച്ചു.
ഓക്സിജൻ കരിഞ്ചന്തയിൽ എത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ കേന്ദ്രം പരിശോധന നടത്തുന്നുണ്ടോ. ആശുപത്രികളിൽ ആവശ്യമായ അളവിൽ ഓക്സിജൻ എത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ സംവിധാനമുണ്ടോ എന്നും കോടതി ചോദിച്ചു. ആരോഗ്യം എന്നത് സംസ്ഥാനങ്ങളുടെ കാര്യമാണെന്നും ഓക്സിജൻ വിതരണം എങ്ങനെ, എത്ര അളവിൽ നടത്താമെന്ന് തീരുമാനിക്കേണ്ടതും അവരാണെന്നും മേത്ത മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.