ധീരസ്മരണയായി വരുൺ സിങ്
text_fieldsബംഗളൂരു: വ്യോമസേനയുടെ മികവുറ്റ ടെസ്റ്റ് പൈലറ്റായിരുന്നു കുന്നൂർ ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച വരുൺ സിങ്. ഊട്ടി കുന്നൂർ ഹെലികോപ്ടർ അപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ച ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് 2020ൽ വ്യോമ സേനയിൽ വിങ് കമാൻഡറായിരിക്കെ, രാജ്യത്തിെൻറ തദ്ദേശ നിർമിത യുദ്ധവിമാനമായ തേജസ് അസാധാരണ ധീരതയോടെ സുരക്ഷിതമായി നിലത്തിറക്കിയതിന് ഈ വർഷം രാജ്യം ശൗര്യചക്ര നൽകി ആദരിച്ചിരുന്നു.
തേജസ് വിമാനത്തിലുണ്ടായ സാങ്കേതിക പ്രശ്നം കൃത്യമായി കണ്ടെത്തി സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിപ്പിച്ചതെന്ന് അദ്ദേഹത്തിന് ലഭിച്ച ശൗര്യചക്ര ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വെലിങ്ടൺ ഡിഫൻസ് സർവിസസ് സ്റ്റാഫ് കോളജിലെ ഡയറക്ടിങ് സ്റ്റാഫായ വരുൺ സിങ് ജനറൽ ബിപിൻ റാവത്ത് ഉൾപ്പെട്ട സംഘത്തെ സ്വീകരിക്കാനായാണ് സൂലൂരിലെത്തിയത്.
വരുൺസിങ്ങിെൻറ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് മാത്രമായിരുന്നു കഴിഞ്ഞ ദിവസം വരെ വ്യോമസേന അറിയിച്ചിരുന്നത്. ഇതിനിടയിൽ മരുന്നുകളോട് പ്രതികരിച്ചത് പ്രതീക്ഷ ഉയർത്തി. എന്നാൽ, രക്തസമ്മർദത്തിലെ പെട്ടെന്നുള്ള വ്യത്യാസം ആശങ്കയായി. ചികിത്സക്കായി ബംഗളൂരുവിലെ സ്വകാര്യ-സർക്കാർ ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ നിർദേശം തേടിയിരുന്നു. ചർമം വെച്ചുപിടിപ്പിക്കാനുള്ള ചികിത്സക്കായി (സ്കിൻ ഗ്രാഫ്റ്റ്) ബാംഗ്ലൂർ മെഡിക്കൽ കോളജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ബി.എം.ആർ.സി.ഐ) ചർമ ബാങ്കിൽനിന്നും കമാൻഡ് ആശുപത്രിയിലേക്ക് ചർമംനൽകിയിരുന്നു. ഈ ശ്രമങ്ങളെല്ലാം വിഫലമാക്കിയാണ് വരുൺ സിങ് യാത്രയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.