‘നാനാത്വത്തിൽ ഏകത്വം’ എന്ന ആശയത്തിന് വിള്ളൽ സംഭവിച്ചു; അഴിച്ചുപണി അനിവാര്യമെന്നും ഹേമന്ത് സോറൻ
text_fieldsന്യൂഡൽഹി: രാജ്യത്തെ ‘നാനാത്വത്തിൽ ഏകത്വം’ എന്ന ആശയത്തിന് വിള്ളൽ സംഭവിച്ചിട്ടുണ്ടെന്നും അഴിച്ചുപണികൾ ആവശ്യമാണെന്നും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. പട്നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം രാജ്യത്തിന്‍റെ ഭാവിയിൽ നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"പല പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്ന പല മനുഷ്യരാണ് പട്നയിൽ ഒത്തുകൂടിയത്. എല്ലാവരും ഒരുപോലെ ചർച്ച ചെയ്തത് ഏതാനും വർഷങ്ങളായി ഇന്ത്യയിൽ സംഭവിച്ചുപോരുന്ന ചൂഷണം എങ്ങനെ ഇല്ലാതാക്കാം എന്നാണ്. നമുക്കറിയാം രാജ്യത്ത് നിലവിൽ കർഷകരുടെയും യുവാക്കളുടെയും അവസ്ഥയെന്താണെന്ന്. നമ്മുടെ നാനാത്വത്തിൽ ഏകത്വം എന്ന വിശ്വാസത്തിന് വിള്ളൽ വീണുതുടങ്ങി, അതിന് അഴിച്ചുകുറ്റപ്പണികൾ അത്യാവശ്യമാണ്" ഹേമന്ത് സോറൻ പറഞ്ഞു.
പ്രതിപക്ഷ പാർട്ടി നേതാക്കളെ ഒരുമിച്ച് കൊണ്ടുവരാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തിയ പരിശ്രമങ്ങളെയും അദ്ദേഹം പരാമർശിച്ചു. പ്രതിപക്ഷ പാർട്ടികളുടെ പുതിയ കൂട്ടായ്മ ഇന്ത്യയുടെ ഭാവിയിൽ നിർണായകമാകുമെന്നും, ഇത് രാജ്യത്തിന്‍റെ യഥാർഥ മുഖത്തെ പുനസ്ഥാപിക്കാനുള്ള പടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
17 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളാണ് കഴിഞ്ഞ ദിവസം പട്നയിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്. ജനതാദൾ-യു, ആർ.ജെ.ഡി നേതാക്കളുടെ സംഘാടനത്തിൽ നടന്ന യോഗത്തിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടതുപാർട്ടികൾ, ആം ആദ്മി പാർട്ടി തുടങ്ങിയവർ പങ്കെടുത്തിരുന്നു. നാലു മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷമാണ് യോഗം പിരിഞ്ഞത്. ജൂലൈ 10, 11 തീയതികളിൽ ഷിംലയിൽ യോഗം ചേരാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മുൻമുഖ്യമന്ത്രി ലാലു പ്രസാദ് എന്നിവർക്കു പുറമെ കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി (തൃണമൂൽ കോൺഗ്രസ്), എം.കെ സ്റ്റാലിൻ -ഡി.എം.കെ, ശരദ് പവാർ -എൻ.സി.പി, സീതാറാം യെച്ചൂരി -സി.പി.എം, ഉദ്ധവ് താക്കറെ -ശിവസേന, അരവിന്ദ് കെജ്രിവാൾ -ആം ആദ്മി പാർട്ടി, അഖിലേഷ് യാദവ് -സമാജ്വാദി പാർട്ടി, ഉമർ അബ്ദുല്ല -നാഷനൽ കോൺഫറൻസ്, മഹ്ബൂബ മുഫ്തി -പി.ഡി.പി, ഡി. രാജ -സി.പി.ഐ, ദീപാങ്കർ ഭട്ടാചാര്യ -സി.പി.ഐ (എം.എൽ), ഹേമന്ദ് സോറൻ -ജെ.എം.എം തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.