നിത്യാനന്ദയുടെ ആശ്രമത്തിൽ പെൺകുട്ടികളെ തടഞ്ഞുവെച്ചു; പരാതിയുമായി രക്ഷിതാക്കൾ
text_fieldsഅഹമ്മദാബാദ്: ആൾദൈവം സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിൽ രണ്ട് പെൺകുട്ടികളെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കയാണെന്ന പരാതിയിൽ ഗുജറാത്ത് ഹൈകോടതിയുടെ ഇടപെടൽ. നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിൽ പാർപ്പിച്ചിരിക്കുന്ന 21ഉം 18ഉം വയസുള്ള പെൺമക്കളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ബംഗളൂരു സ്വദേശികളായ ദമ്പതികളാണ് ഹൈകോടതിയെ സമീപിച്ചത്. പൊലീസ് നേരിട്ട് ആശ്രമത്തിലെത്തി ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം അയച്ചിരുന്നു. എന്നാൽ ആശ്രമത്തിൽ പെൺകുട്ടികളെ അന്യായ തടവിൽ വെച്ചിരിക്കയാണെന്നും കുട്ടികളെ കാണാനോ ഒപ്പം അയക്കാനോ അധികൃതർ തയാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി ബംഗളൂരു സ്വദേശി ജനാർദ്ദന ശർമയാണ് ഹൈകോടതിയെ സമീപിച്ചത്.
2013 ലാണ് 15ഉം ഏഴും വയസുള്ള പെൺകുട്ടികളെ നിത്യാനന്ദ ബംഗുളൂരുവിൽ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർത്തത്. എന്നാൽ ഇൗ വർഷം ഇരുവരെയും രക്ഷിതാക്കളുടെ അനുമതിയില്ലാതെ അഹമ്മദാബാദിലെ നിത്യാനന്ദ ധ്യാനപീഠത്തിെൻറ മറ്റൊരു ശാഖയായ യോഗിനി സർവഞ്ജപീഠത്തിലേക്ക് മാറ്റുകയായിരുന്നു. കുട്ടികളെ കാണാൻ അവിടെ എത്തിയെങ്കിലും അധികൃതർ അനുവദിച്ചില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.
ലോപമുദ്ര ജനാർദ്ദന ശർമ(21), നന്ദിത(18) എന്നിവരെയാണ് അന്യായമായി തടവിൽ വെച്ചിരിക്കുന്നത്. കുട്ടികളെ ഉറങ്ങാൻ പോലും അനുവദിക്കുന്നില്ലെന്നും പിതാവ് ജനാർദ്ദന ശർമ പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മക്കളെ വിട്ടുകിട്ടണമെന്നും അധികൃതർക്കെതിരെ നടപടിയുണ്ടാകണമെന്നും ദമ്പതിമാർ കോടതിയിൽ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച കേസ് പരിഗണിച്ച ഗുജറാത്ത് ഹൈകോടതി പൊലീസ് നേരിട്ടെത്തി അന്വേഷിക്കണമെന്ന് ഉത്തരവിട്ടു. പെൺകുട്ടികളെ കോടതി ഹാജരാക്കണമെന്നും കോടതി മുഖാന്തിരം തങ്ങൾക്ക് കൈമാറണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.
നിത്യാനന്ദയുടെ വിവിധ ആശ്രമങ്ങളിൽ അന്യായ തടവിൽ പാർപ്പിച്ചിരിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിഷയത്തിൽ അന്വേഷണം നടത്തണമെന്നും ജനാർദ്ദന ശർമയും ഭാര്യയും കോടതിയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂണിൽ ബലാത്സംഗക്കേസിൽ നിത്യാനന്ദക്കെതിരെ കർണാടക പൊലീസ് കുറ്റംചുമത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.